ദേഷ്യം അതിരുവിട്ടാല്‍

04:25pm 13/4/2016
frustration

നിത്യ ജീവിതത്തില്‍ ഇക്കൂട്ടര്‍ എല്ലാ കാര്യങ്ങളോടും ദേഷ്യത്തോടെ ആയിരിക്കും പ്രതികരിക്കുന്നത്. ചെറു പ്രായം മുതലേ ഇവരുടെ രീതി ഇതുതന്നെയായിരിക്കും. അതുകൊണ്ടാണ് ദേഷ്യം ഒരു പ്രകൃതമായി മാറുന്നത്.
മനുഷ്യസഹജമായ ഒരു വികാരമാണ് ദേഷ്യം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്തവര്‍ ചുരുക്കമാണ്. നിലനില്‍പ്പിനു നേരെയുള്ള ഭീഷണികളോട് മനുഷ്യന്‍ മൂന്നു രീതിയിലാണ് പ്രതികരിക്കുന്നത്. ഏറ്റുമുട്ടുക, ഭയന്ന് മാറിനില്‍ക്കുക, ഭീഷണിയില്‍ നിന്നും പറന്നകലുക.
ഇതില്‍ ഭീക്ഷണികളോട് ഏറ്റു മുട്ടേണ്ടിവരുമ്പോള്‍ അതിനെ ശക്തമായി ചെറുത്തു നില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ മസ്തിഷ്‌ക്കത്തിന്റെ ‘ലിംബിക്’ എന്നു പേരുള്ള ദളങ്ങളില്‍ നിന്നാണ് ദേഷ്യം ഉത്ഭവിക്കുന്നത്.
പരിണാമശ്രേണിയില്‍ മനുഷ്യനു താഴെയുള്ള മൃഗങ്ങളില്‍ ‘ലിംബിക്’ ദളങ്ങളുണ്ട്. എന്നാല്‍ അമിതമായോ അല്ലെങ്കില്‍ അനവസരത്തിലോ ദേഷ്യം പോലെ ഹാനികരവും, വര്‍ജ്യവുമായ വികാരം വേറെയുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേഷ്യത്തെ മിതപ്പെടുത്താനും പരിഷ്‌ക്കരിക്കുവാനും മനുഷ്യനു സാധിക്കും.
ലിംബിക് ദളങ്ങളെ നിയന്ത്രിക്കുന്ന ഫ്രോണ്ടല്‍ ദളങ്ങള്‍ മനുഷ്യമസ്തിഷ്‌കത്തിനുള്ളതു കൊണ്ടാണ് മനുഷ്യര്‍ക്ക് ഇതു സാധിക്കുന്നത്. ഫ്രോണ്ടല്‍ ദളങ്ങള്‍ പ്രവര്‍ത്തനസജ്ജമായാല്‍ ദേഷ്യം നിയന്ത്രണത്തിലാകും. അത് മരവിച്ചുപോയാല്‍ ദേഷ്യം ആളിക്കത്തിയെന്നിരിക്കും.
മനുഷ്യന് പരിഷ്‌കൃതസ്വഭാവം സാധ്യമാകുന്നത് ഫ്രോണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം മൂലമാണ്. എന്നാല്‍ ഈ പ്രവര്‍ത്തനം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് ദേഷ്യത്തിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും.
ദേഷ്യത്തിന്റെ മനഃശാസ്ത്രം
ഭീഷണി നേരിടുന്നു എന്ന അവബോധത്തില്‍ നിന്നാണ് ദേഷ്യം ഉണ്ടാകുന്നത്. ദേഷ്യത്തിന്റെ അര്‍ഥം പ്രതിരോധമാകാം. അല്ലെങ്കില്‍ ആക്രമണമാകാം. ലക്ഷ്യത്തിനു നേരെയുള്ള പ്രയാണത്തില്‍ തടസം നേരിടുമ്പോഴും, നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴും ദേഷ്യം ഉണ്ടാകുന്നു.
ഒരാളുടെ വ്യക്തിത്വത്തിനു നേരെയുള്ള ഭീഷണികള്‍, പദവിക്കു നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയും ദേഷ്യത്തിനു കാരണമായേക്കാം. വിമര്‍ഷനാത്മകമായ പരാമര്‍ശം ചിലര്‍ സ്വന്തം വ്യക്തിത്വത്തിനു നേരെയുള്ള ഭീഷണിയായി കാണുന്നു.
പലപ്പോഴും ദേഷ്യവും, അസൂയയും കൈകോര്‍ത്തു വരുന്നതാണ്. ഓരോ വ്യക്തിയും പരസ്പരം ഇടപഴകുമ്പോള്‍ തങ്ങളിലുള്ള ചില കാര്യങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കും. ഇവയില്‍ ഒരാളുടെ കഴിവുണ്ടാകാം, കാഴ്ചപാടുകള്‍, സത്യസന്ധത തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടാകാം. മറ്റുള്ളവരുടെ ഇടയില്‍ പ്രാതിനിധ്യം ലഭിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സംതൃപ്തിയുണ്ടാകുന്നത്.
ഇതാണ് ഓരോരുത്തരുടേയും ലക്ഷ്യം. ലക്ഷ്യത്തിനു തടസം നേരിടുമ്പോള്‍ ദേഷ്യമുണ്ടാകുന്നു. ഭീഷണി, പ്രാതിനിധ്യമില്ലയ്മ, വിഘാതം, നീതിനിഷേധം, ഒറ്റപ്പെടല്‍, വിവേചനം, ഇച്ഛാഭംഗം തുടങ്ങിയവയാണ് സാധാരണ ദേഷ്യത്തിലേക്കു നയിക്കുന്നത്. ദേഷ്യം വരുമ്പോഴുള്ള മനുഷ്യന്റെ പെരുമാറ്റം വിചിത്രമായിരിക്കും. അതുവരെ കണാത്ത ഭാവമായിരിക്കും അപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.
ദേഷ്യം അധമവികാരം
ദേഷ്യത്തെ ഒരു അധമ വികാരമായാണ് കണക്കാക്കുന്നത്. അതിനാലാകാം ദേഷ്യമുള്ളപ്പോഴും അത് നിഷേധിക്കുന്നത്. ഈ നിഷേധം ബോധപൂര്‍വമല്ല. നിഷേധം വര്‍ജ്യമായ വികാരത്തില്‍ നിന്ന് മോചനം നേടാനുള്ള പ്രതിരോധമാണ്. അബോധമനസില്‍ ദേഷ്യം ഉണ്ടാകുന്നുണ്ടെങ്കിലും ബോധമനസില്‍ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നില്ല എന്നുള്ളതാണ് നിഷേധത്തിന്റെ ഗുണം.
ഈ പ്രതിരോധ തന്ത്രത്തെ ‘പ്ര?ജക്ഷന്‍’ എന്നു വിളിക്കുന്നു. ദേഷ്യത്തിന്റെ മറ്റൊരു ഭാവമാണ് ‘ആദേശം’. ഓഫീസിലെ ക്ലര്‍ക്കിന് സൂപ്രണ്ടിനോട് ദേഷ്യം തോന്നിയെന്നിരിക്കട്ടെ. മേലുദ്യോഗസ്ഥനോട് ദേഷ്യം പ്രകടിപ്പിക്കുന്നത് ജോലിയെ ബാധിക്കും. അതിനാല്‍ ആ ദേഷ്യം ബോധ മനസ് അബോധ തലത്തിലേക്ക് അടിച്ചമര്‍ത്തുന്നു. പിന്നീട് വീട്ടില്‍ വരുമ്പോള്‍ അമര്‍ത്തിവച്ച ദേഷ്യം സൗകര്യപ്രദമായ അവസരത്തില്‍ കുട്ടികള്‍ക്ക് നേരെ പ്രകടിപ്പിക്കുന്നു.
ഇതും മനസിന്റെ ഒരു പ്രതിരോധമാണ്. സൂപ്രണ്ടിനോടു ദേഷ്യം പ്രകടിപ്പിച്ചാലുണ്ടാകുന്ന അത്രയും ഭവിഷത്ത് വരില്ല കുട്ടികളോട് പ്രകടിപ്പിച്ചാല്‍. മറ്റുചിലരില്‍ അടിച്ചമര്‍ത്തപ്പെട്ട ദേഷ്യം മറ്റ് പലതരത്തിലായിരിക്കും പുറത്തു വരുന്നത്. ഒരു തച്ചന്‍ ഉളികൊണ്ട് മരത്തില്‍ കൊത്തി കൊണ്ടായിരിക്കും ദേഷ്യം തീര്‍ക്കുന്നത്. ഇതെല്ലാം ഒരു പക്ഷേ ക്രിയാത്മകമായ ഫലങ്ങളായിരിക്കും സുഷ്ടിക്കുന്നത്. ഈ പ്രതിരോധത്തെ ‘സബ്ലിമേഷന്‍’ എന്നു പറയുന്നു.