06:34 pm 7/5/2017
ഭഗ്പത്: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ കരിമ്പ് കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. 15 ദിവസത്തിനുള്ളിൽ കരിന്പ് കർഷകർക്ക് പണം ലഭിക്കത്തക്കവിധത്തിൽ നടപടി എടുക്കണമെന്ന് ഭഗ്പത്തിലെ കർഷകർ കത്തിൽ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ പണം ലഭിച്ചില്ലെങ്കിൽ 16-ാം ദിവസം ആത്മഹത്യ ചെയ്യുമെന്നും കർഷകർ ഭീഷണി മുഴക്കി.
കർഷകരായിരിക്കെ ഇതിൽ കൂടുതൽ സഹിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകർ കത്തെഴുതിയിട്ടുണ്ട്.
കഴിഞ്ഞ തവണ ഭഗ്പത്തിലെ കർഷകർക്ക് നല്ല വിളവ് ലഭിച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. 4,135 കോടി രൂപയാണ് യുപിയിലെ കരിന്പ് കർഷകർക്ക് കിട്ടാനുള്ളത്. ബജാജ് ഗ്രൂപ്പ് 2,285 കോടി രൂപയും മോദി ഗ്രൂപ്പ് 462 കോടിയും കർഷകർക്ക് നൽകാനുണ്ട്. പണം ലഭിക്കാത്തതിനാൽ ഇത്തവണ വിത്തിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ.