ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു.

6:37 pm 7/5/2017


ജിദ്ദ: സൗദി അറേബ്യയില്‍ ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നു. ഹാഇല്‍ പ്രവിശ്യയില്‍ പുതിയ ഹിജ്റ വര്‍ഷം മുതല്‍ (സെപ്തംബര്‍ അവസാനം) സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു.
ഹായില്‍ പ്രവിശ്യയിലെ ഷോപ്പിംഗ് മാളുകളിലും സെപ്തംബര്‍ 21 മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങുമെന്ന്​ ഗവര്‍ണര്‍ അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സഅദുമായി ധാരണയിലെത്തിയതായി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അറിയിച്ചു. പ്രധാന പ്രവിശ്യകളിലുള്ളതു പോലെ യുവ വ്യവസായികളുടെ സേവനത്തിന് ഹാഇലില്‍ കണ്‍സള്‍ട്ടന്‍സി സ​െൻറര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സൗദിയിലെ മുഴുവന്‍ മാളുകളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് കഴിഞ്ഞ മാസമാണ് നിയമ നിര്‍മാണം നടത്തിയത്. ഓരോ പ്രവിശ്യകളിലെയും സ്ഥിതിഗതികളും ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും നോക്കിയാണ് മാളുകളുടെ സൗദിവല്‍ക്കരണ തീയതികള്‍ നിശ്ചയിക്കുക. അടുത്ത വര്‍ഷാവസാനത്തിനു മുമ്പായി രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കാനാണ് നീക്കം.
അല്‍ഖസീം പ്രവിശ്യയിലെ ഷോപ്പിംഗ് മാളുകളില്‍ മുഹറം ഒന്നു മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഹാഇലിലെ മാളുകളിലും മുഹറം ഒന്നു മുതല്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. എല്ലാ പ്രവിശ്യകളിലും സ്വദേശി വത്കരണ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഏതൊക്കെ മാളുകളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശി വത്കരണം നടപ്പാക്കേണ്ടതെന്നുള്ള ലിസ്​റ്റ്​ അടുത്ത് തന്നെ പ്രസിദ്ധീകരിച്ചേക്കും. അതേ സമയം ചില പ്രൊഫഷനുകള്‍ സ്വദേശി വത്കരണത്തില്‍ നിന്ന് ഒഴിവാക്കിയേക്കും.