ധാക്ക ഭീകരാക്രമണത്തിന്​ പിന്നിൽ ഐ എസ് അല്ലെന്ന്​ ബംഗ്ലാദേശ്​

04:40 PM 03/07/2016
_90194913_033833237
ധാക്ക: ഇന്ത്യക്കാരിയടക്കം 20 പേർ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണത്തിന്​ പിന്നിൽ പ്രാദേശിക തീവ്രവാദ സംഘടന​യെന്ന്​ ബംഗ്ലാദേശ്​ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ഭീകരാക്രമണത്തിന്​ പിന്നിൽ ​ഐ എസ് അല്ലെന്നും ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്​ എന്ന സംഘടനയാണെന്നും അദ്ദേഹം എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു. പത്തു വർഷത്തിലധികമായി ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുന്ന സംഘടനയാണ്​ ജംഇയത്തുൽ മുജാഹിദീൻ.
ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഐ.എസ് നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്‍െറ ഉത്തരവാദിത്തമേറ്റുള്ള സന്ദേശം വന്നത്​.

ബംഗ്ലാദേശ്​ തലസ്ഥാനത്തെ നയതന്ത്രമേഖലയായ ഗുല്‍ഷന്‍ രണ്ടിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയിലാണ്​ ഭീകരാക്രമണം നടന്നത്​.
വെള്ളിയാഴ്​ച രാത്രി ബേക്കറിയിൽ ഇരച്ചുകയറിയ ഭീകരർ​ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. പിന്നീട്​ 20 പേരെ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെടുത്തി​. യു.എസില്‍ പഠനം നടത്തുന്ന ഇന്ത്യക്കാരിയായ താരിഷി ജെയ്ന്‍(18) അടക്കം മരിച്ച എല്ലാവരും വിദേശികളാണ്​. മരിച്ചവരിലേറെയും ഇറ്റലി, ജപ്പാന്‍ പൗരന്മാരാണ്. ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ സംയുക്ത സൈനിക നടപടിയില്‍ ആറു ഭീകരരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്​തു. ഭീകരർ ബന്ദികളാക്കിയ 13 പേരെ മോചിപ്പിക്കുകയും ചെയ്​തു.