നഗരത്തിന് വെള്ളിയരഞ്ഞാണം തീര്‍ത്ത് ദുബൈ കനാലിലൂടെ വെള്ളമൊഴുകി.

12:44 pm 25/10/2016

download (3)
ദുബൈ: അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന ദുബൈ കനാലിലൂടെ പരീക്ഷണാര്‍ഥം തിങ്കളാഴ്ച വെള്ളമൊഴുക്കി. 200 കോടി ദിര്‍ഹം ചെലവില്‍ മൂന്ന് വര്‍ഷമായി നടക്കുന്ന പ്രവൃത്തിക്കിടെ ആദ്യമായാണ് കനാലിലേക്ക് വെള്ളം തുറന്നുവിടുന്നത്.
അറേബ്യന്‍ ഉള്‍ക്കടലിന്‍െറ രണ്ട് ഭാഗങ്ങളെ നഗര ഹൃദയത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബൈ കനാല്‍. ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെ മൂന്ന് റോഡുകള്‍ മുറിച്ചു കടന്നുപോകുന്ന കനാലിന്‍െറ ഇരുവശത്തേക്കും ഇന്നലെയാണ് ആദ്യമായി വെള്ളം തുറന്നുവിട്ടത്. ഇതോടെ ദുബൈ നഗരത്തില്‍ പുതിയ ജലാശയവും ജലക്കാഴ്ചയും രൂപപ്പെട്ടു.
കനാലില്‍ വെള്ളം നിറഞ്ഞതോടെ ബര്‍ദുബൈ, സബീല്‍, കറാമ, ഊദ് മത്തേ, സത്വ തുടങ്ങി ഓള്‍ഡ് ദുബൈ എന്നറിയിപ്പെടുന്ന പ്രദേശം ദ്വീപായി മാറി.
ഷിന്ദഗയില്‍ നിന്ന് തുടങ്ങി റാസല്‍ഖൂറില്‍ അവസാനിക്കുന്ന പ്രകൃതിദത്തമായ ജലാശയത്തെ നഗരഹൃദയത്തിലൂടെ നീട്ടി അറേബ്യന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. ദുബൈ കനാല്‍, ബിസിനസ് ബേ കനാല്‍, ക്രീക്ക് എന്നിവയടക്കം 27 കിലോമീറ്റര്‍ ജലാശയമൊരുക്കി ചുറ്റിലും വന്‍ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ശൈഖ് സായിദ് റോഡില്‍ വെള്ളച്ചാട്ടവും ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമാണ്.
നിര്‍ദിഷ്ട ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളം കടത്തിവിട്ടില്ളെങ്കിലും കനാല്‍നിര്‍മാണത്തിന്‍െറ നിര്‍ണായക ഘട്ടം വിജയകരമായതായി അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ടാഴ്കളിലായി കനാലിലെ വെള്ളത്തിന്‍െറ അളവ് വര്‍ധിപ്പിച്ച് കൊണ്ടുവരും.
നിശ്ചിത വേഗതയില്‍ നിര്‍മാണം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലായി നടപ്പാലം, തൂക്കുപാലം, കമാനം എന്നിവ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ദുബൈയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ദുബൈ കനാല്‍ ഈ വര്‍ഷം ദുബൈയില്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ്. ദുബൈയിലെ ജലഗതാഗത മേഖലയില്‍ വന്‍ വികസനമാണ് ദുബൈ കനാല്‍ യാഥാര്‍ഥ്യമാകുന്നതോടെ സംഭവിക്കുക.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കനാലിലൂടെയും മനുഷ്യനിര്‍മിത ദ്വീപുകളിലേക്കുമായി പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്യുമെന്നാണ് ആര്‍.ടി.എ കണക്കാക്കിയിരിക്കുന്നത്.