നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി.

09:46 am 25/10/2016
download (2)
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് 11 ദിവസം മുമ്പ് കാണാതായ എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഈ മാസം 14ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സംഘടിത ആക്രമണത്തിനു പിറ്റേന്ന് കാണാതായ സംഭവം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹി പൊലീസ് കമീഷണറെ സന്ദര്‍ശിച്ച ശേഷം വൈസ് ചാന്‍സലര്‍ ഡോ. എം. ജഗദേശ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരോധാനം സംബന്ധിച്ച സര്‍വകലാശാല സമൂഹത്തിന്‍െറ ആകുലതകള്‍ വി.സിയും റെക്ടറും പൊലീസ് മേധാവിയെ ധരിപ്പിച്ചു. അന്വേഷണത്തിന് എല്ലാവിധ സാധ്യതകളും തേടുന്നുണ്ടെന്ന് വ്യക്തമാക്കിയ കമീഷണര്‍ അലോക് കുമാര്‍ സിങ് വിവരം നല്‍കുന്നവര്‍ക്ക് നേരത്തേ പ്രഖ്യാപിച്ച അരലക്ഷം രൂപയുടെ പാരിതോഷികം ഇരട്ടിയാക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.

സര്‍വകലാശാല അധികൃതര്‍ പുലര്‍ത്തുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വിദ്യാര്‍ഥികള്‍ ഭരണകാര്യാലയം മുതല്‍ വി.സിയുടെ വീടുവരെ മനുഷ്യച്ചങ്ങല തീര്‍ത്തതിനെ തുടര്‍ന്നാണ് പൊലീസ് മേധാവികളെ കാണാന്‍ വി.സി തീരുമാനിച്ചത്. അതിനിടെ നജീബിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. തിങ്കളാഴ്ച വൈകീട്ട് മണ്ഡീ ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്ക് നടത്തിയ മാര്‍ച്ച് വഴിതിരിച്ചുവിടാന്‍ പൊലീസ് കിണഞ്ഞുശ്രമിച്ചതായി വിദ്യാര്‍ഥി നേതാക്കളായ ഷഹ്ലാ റാഷിദും ഉമര്‍ ഖാലിദും പറഞ്ഞു.

ജെ.എന്‍.യുവില്‍നിന്ന് വിദ്യാര്‍ഥികളുമായി വന്ന ബസിലെ ഡ്രൈവറോട് റൂട്ട് മാറ്റിവിടാന്‍ നിര്‍ദേശിച്ചെങ്കിലും അതിനു സമ്മതിക്കില്ളെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയതോടെ പൊലീസ് വഴങ്ങുകയായിരുന്നു. കഴിഞ്ഞയാഴ്ച അഭ്യന്തര മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ചും പൊലീസ് അലങ്കോലപ്പെടുത്തിയിരുന്നു. ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ജാമിഅ മില്ലിയ, അലീഗഢ്, ഹൈദരാബാദ്, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളും അണിനിരന്നു. നജീബിന്‍െറ ഉമ്മയും സഹോദരനും ബന്ധുക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.