എസ്.ഐ തന്‍റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരൻ കമല്‍സി ചവറ.

11:47 AM 19/12/2016
download (2)
കോഴിക്കോട്: കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ എസ്.ഐ തന്‍റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരൻ കമല്‍സി ചവറ. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു കമൽസിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂറോളം സ്റ്റേഷനിലിരുത്തിയ ശേഷം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് വിട്ടയച്ചത്.
രാത്രി 9 മണിയോടെയാണ് കരുനാഗപ്പള്ളി പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കമല്‍സി ചവറയെ വിട്ടയച്ചത്. രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് മോചനം. 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കാട്ടി നോട്ടീസും നല്‍കിയിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് കമല്‍സിയെ രാത്രി ബീച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ എത്തിയാണ് കരുനാഗപ്പള്ളി എസ്.ഐയും സംഘവും കമല്‍സിയെ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് വീണ്ടും നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ഇതിനിടയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ എസ്.ഐ തന്നെ ഭീഷണിപ്പെടുത്തിയതായി കമല്‍സി ആരോപിച്ചു. തന്‍റെ ഭാര്യയുടെ ജാതി പറഞ്ഞ് അപമാനിച്ചതായും കമല്‍സി പറഞ്ഞു.
കേസിൽ എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് നല്‍കാൻ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. അതിനിടെ കമലിന്‍റെ ആരോഗ്യ സ്ഥിതി അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനിലത്തെിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഷഫീഖ് സുബൈദ ഹക്കീമിനെതിരെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
ഞായറാഴ്ച രാവിലെ എരഞ്ഞിപ്പാലത്തുനിന്നാണ് കമലിനെ നോര്‍ത്ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കുന്ദംഗലം പെരിങ്ങൊളത്താണ് കമലും ഭാര്യ പത്മപ്രിയയും താമസിക്കുന്നത്. നാല് ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ വീട്ടിലാക്കി എരഞ്ഞിപ്പാലത്ത് മരുന്ന് വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലിലെയും ‘ശശിയും ഞാനും’ എന്ന എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെയും ചില ഭാഗങ്ങള്‍ കമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ച് ഐ.പി.സി 124 എ പ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നാണ് കരുനാഗപ്പള്ളി പോലീസിന്‍റെ നിലപാട്. കൊല്ലത്തെ കമലിന്റെ കുടുംബ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് നോവല്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു. ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ നോവല്‍ ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിലാണ് പ്രകാശനം ചെയ്തത്.