വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 പേർക്ക് ഇരട്ട ജീവപര്യന്ത്യം.

11:23 AM 19/12/2016
download (1)
തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 13 ആര്‍.എസ്.എസ് പ്രവർത്തകരിൽ 11 പേർക്ക് ഇരട്ട ജീവപര്യന്ത്യം. പ്രതികളിൽ ഒരാൾക്ക് ജീവപര്യന്തവും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഹരിലാലിന് മൂന്നു വർഷം കഠിനതടവും അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു.

പ്രതികൾ വിഷ്ണുവിന്‍റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, ലഹള, ഗുരുതര പരിക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.

2008 ഏപ്രില്‍ ഒന്നിനായിരുന്നു സി.പി.എം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു. രാഷ്ട്രീയവൈരത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊലപാതക വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുക്കുമെന്നതാണ് കൃത്യത്തിന് വിഡ്ഢിദിനമായ ഏപ്രിൽ ഒന്ന് തെരഞ്ഞെടുക്കാന്‍ കാരണം. ഹൈകോടതി നിര്‍ദേശത്തെതുടര്‍ന്ന് ഏഴുമാസം കൊണ്ടാണ് വിചാരണ നടപടി പൂര്‍ത്തിയായത്. വിചാരണക്കിടെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 77 സാക്ഷികളെ വിസ്തരിച്ചു. 162 രേഖയും 65 തൊണ്ടി മുതലും തെളിവായി സ്വീകരിച്ചു.

പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച 16ാം പ്രതി ഷൈജു എന്ന അരുണ്‍കുമാറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു. കേസിലെ മൂന്നാം പ്രതി രഞ്ജിത്ത് വിചാരണ ആരംഭിക്കും മുമ്പെ കൊല്ലപ്പെട്ടു. 14ാം പ്രതിയായ ആസാം അനി ഇപ്പോഴും ഒളിവിലാണ്.

WRITE YOUR COMMENTS