നദി തര്‍ക്കങ്ങളില്‍ ചൂടുപിടിച്ച് കര്‍ണാടകം; കോണ്‍ഗ്രസിന്റെ പരാജയമെന്ന് ബിജെപി

09.22 AM 08-09-2016
kaveri_protest_new_760x400
മാണ്ഡ്യ: നദീജല തര്‍ക്കങ്ങള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. മഹദായി, കാവേരി നദികളുടെ കാര്യത്തിലുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും നദീ വിഷയങ്ങള്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
മഹദായി നദിയില്‍ നിന്നും ഏഴ് ദശാംശം അഞ്ച് ടിഎംസി വെള്ളം അനുവദിക്കണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം ജൂലൈയില്‍ ട്രിബ്യൂണല്‍ തള്ളിയതിന് പിന്നാലെ ഉത്തര കര്‍ണാടകത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതടങ്ങിയപ്പോഴാണ് കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം കൊടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടാകുന്നതും മാണ്ഡ്യയിലും ശ്രീരംഗപട്ടണത്തും കര്‍ഷകര്‍ തെരുവിലിറങ്ങിയതും.
ഇരു തിരിച്ചടികളും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത് പോലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ജഗദീഷ് ഷെട്ടാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെതിരെ നദീ തര്‍ക്കങ്ങള്‍ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. അതേ സമയം മഹദായി നദിയില്‍ നിന്നും കര്‍ണാടകത്തിന് വെള്ളം നല്‍കുന്നതിനെ എതിര്‍ത്തത് ബിജെപി ഭരിക്കുന്ന ഗോവയും മഹാരാഷ്ട്രയുമാണെന്ന വാദം ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം.