നാടക നടന്‍ ടി.കെ. ജോണ്‍ മാളവിക അന്തരിച്ചു

07:30 am 12/6/2017


വൈക്കം: നാടക ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.കെ. ജോണ്‍ മാളവിക (മണി82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരം കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലില്‍വച്ചാണ് മരിച്ചത്. ബുധനാഴ്ച മൂന്നിന് സംസ്ഥാന സര്‍ക്കാരിന്‍റെ ബഹുമതികളോടെ സംസ്കാരം നടത്തും.

വൈക്കം തെക്കേനട തുരുത്തിക്കരയില്‍ പരേതരായ കുര്യന്‍ കുട്ടിയമ്മ ദന്പതികളുടെ മകനായ ടി.കെ. ജോണ്‍ അരനൂറ്റാണ്ടുകാലം മലയാള നാടകവേദിയില്‍ നടനും സംവിധാകനുമായി നിറസാന്നിധ്യമായിരുന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ വൈക്കം ചന്ദ്രശേഖരന്‍നായര്‍ രചിച്ച ഡോക്ടര്‍ എന്ന നാടകത്തില്‍ മുഖ്യകഥാപാത്രമായി അഭിനയം ആരംഭിച്ച ടി.കെ. ജോണ്‍ പിന്നീട് ആറ്റിങ്ങല്‍ ദേശാഭിമാനിയില്‍ പ്രധാനനടനായി. തുടര്‍ന്ന് സ്വന്തം ഗ്രൂപ്പായ വൈക്കം മാളവിക ആരംഭിക്കുകയും അതില്‍ 33 വര്‍ഷം പ്രധാന നടനും സംവിധായകനുമായി തിളങ്ങി. എ.കെ. ലോഹിത ദാസിന്‍റെ കന്മദം, അരയന്നങ്ങളുടെ വീട് തുടങ്ങി ഏതാനും ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആദ്യമായി ഒരു പ്രഫഷണല്‍ നാടകത്തില്‍ അഭിനയിച്ചത് ടി.കെ. ജോണിന്‍റെ സംവിധാനത്തിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കലാരംഗത്തെ ടികെയുടെ സംഭാവനകള്‍ മുന്‍നിര്‍ത്തി സമഗ്ര സഭാവനയ്ക്കുള്ള അവാര്‍ഡും എസ്.എല്‍. സ്മാരക അവാര്‍ഡും നല്‍കി ആദരിച്ചു.

ഭാര്യ: ആലീസ് ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് കുടുംബാംഗം. മക്കള്‍: സൈലമ്മ, സിബി, സുലു, സെലിന്‍, സോഫി(അമേരിക്ക), സൈമണ്‍. മരുമക്കള്‍: ജോയി ചക്യാത്ത് (ചേരാനല്ലൂര്‍), സിന്ധു (തിരുവനന്തപുരം), ബാബു എണ്ണയ്ക്കാപ്പള്ളി (ആയാംകുടി), ബേബി കോട്ടൂര്‍ (ഉദയംപേരൂര്‍), സെബി ജോണ്‍ പീസ് കോട്ടേജ് (പള്ളിപ്രത്തുശേരി).