നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും.

09:11 am 26/9/2016
download (2)

തിരുവനന്തപുരം: മാണിഗ്രൂപ് യു.ഡി.എഫ് വിട്ട് പ്രത്യേക ബ്ളോക്കായി മാറിയ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് ശേഷം നടപ്പു വര്‍ഷത്തെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍ നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും. 14ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷം മുമ്പത്തേതിലും ദുര്‍ബലമായി. 47 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫില്‍ ഇപ്പോള്‍ 41 പേരേയുള്ളൂ. ബി.ജെ.പിയും സ്വതന്ത്രനായ പി.സി. ജോര്‍ജും ഇതിനു പുറമെയുണ്ട്.

ബി.ജെ.പിക്കു ശേഷമാണ് മാണിക്ക് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാറിനെതിരെ ഏകോപിത നീക്കം നടത്താന്‍ പ്രതിപക്ഷത്തിനു സഭയില്‍ പ്രയാസമാകും.100 ദിവസത്തെ സര്‍ക്കാര്‍ നേട്ടങ്ങളും യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളും ഉയര്‍ത്തി പ്രതിപക്ഷത്തെ നിലക്കു നിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. ഒന്നര മാസത്തിലേറെ നീളുന്ന സമ്മേളനം ബജറ്റ് വകുപ്പ് തിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. ചരക്ക് സേവന നികുതിയുടെ സംസ്ഥാന ബില്‍, കിഫ്ബി ഭേദഗതി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, ദേവസ്വം റിക്രൂട്ട്മെന്‍റ് ഭേദഗതി ബില്‍, നെല്‍വയല്‍ -നീര്‍ത്തട നിയമഭേദഗതി തുടങ്ങിയവയും പരിഗണിക്കും. സ്വാശ്രയ മെഡിക്കല്‍ പ്രവേശം, സ്കൂളുകളില്‍ പുസ്തകം കിട്ടാഞ്ഞത്, അട്ടപ്പാടി പട്ടിണി മരണം, സൗമ്യ വധക്കേസിലെ വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കും.

കഴിഞ്ഞ ദിവസം മന്ത്രിസഭ പ്രഖ്യാപിച്ച സമഗ്ര കേരള വികസനത്തിനുള്ള കര്‍മ പദ്ധതി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടും. ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാനായി വി.എസിന്‍െറ നിയമനം, സി.പി.എമ്മിലെ തര്‍ക്കങ്ങള്‍ എന്നിവയൊക്കെ പ്രതിപക്ഷത്തിന് ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടം ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ അതിലെ അഴിമതികളും ക്രമക്കേടുകളും ഭരണപക്ഷം എടുത്തുപയോഗിക്കും.

സമ്മേളനം നവംബര്‍ 10 വരെ നീളും. സഭ ചേരുന്ന 29 ദിവസങ്ങളില്‍ എട്ട് ദിവസമാണ് നിയമനിര്‍മാണത്തിനു മാറ്റി വെച്ചിരിക്കുന്നത്. 13 ദിവസവും ധനാഭ്യര്‍ഥന ചര്‍ച്ചയായിരിക്കും. ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ഫീസിലും വരുത്തിയ മാറ്റത്തില്‍ ചില ഭേദഗതി നിയമസഭയില്‍ കൊണ്ടു വരും. ഇതിനായി സ്ളാബ് സമ്പ്രദായമാണ് ധനവകുപ്പ് ആലോചിക്കുന്നത്. ഈ വ്യവസ്ഥ പൂര്‍ണമായി മാറ്റണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുന്നെങ്കിലും സര്‍ക്കാര്‍ അതിന് തയാറല്ല. ഭൂമിയുടെ അളവും മൂല്യവും അനുസരിച്ചായിരിക്കും സ്ളാബ് സമ്പ്രദായം. തീരെ ചെറിയ ഇടപാടുകള്‍ക്ക് ഇളവ് നല്‍കും.