നിരണം അക്രമം; ഗുണ്ടകള്‍ക്കായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

03:40pm 29/6/2016
download (9)

തിരുവല്ല: നിരണത്ത് ആക്രമണം അഴിച്ചുവിട്ട ക്വട്ടേഷന്‍ സംഘത്തെ കണെ്ടത്താന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് വഴിയാത്രക്കാരായ നാലുപേര്‍ക്ക് വെട്ടേറ്റത്. തിരുവല്ല നിരണം സെന്‍ട്രല്‍ വീട്ടില്‍ ചാക്കോ (46), എടത്വ തലവടി കുന്തിരിക്കല്‍ കറുകയില്‍ വൈശാഖന്‍ (28), ഹരിപ്പാട് പള്ളിപ്പാട് കടവത്ര വീട്ടില്‍ വിജയന്‍ (61), നിരണം സെന്‍ട്രല്‍ വീട്ടില്‍ ഫിലിപ്പോസ് ജോര്‍ജ് (55) എന്നിവര്‍ക്കാണു വെട്ടേറ്റത്. തലയ്ക്കും ശീരരത്തിലും ഗുരുതരമായി വെട്ടേറ്റ ഇവരെ തിരുവല്ലയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി നിരണം പഞ്ചായത്ത് മുക്കിലെത്തിയ അക്രമികള്‍ റോഡില്‍ കണ്ടവര്‍ക്കു നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹരിപ്പാട് ഭാഗത്തുനിന്നു നമ്പര്‍പ്ലേറ്റ് മറച്ച ടവേര കാറിലെത്തിയ പന്ത്രണ്ടംഗ അക്രമിസംഘം പഞ്ചായത്ത് മുക്കില്‍ ഇറങ്ങി മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിയില്‍ നിന്നവരെ ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ജംഗ്ഷനിലുള്ള നീലകണ്ഠ സ്റ്റോഴ്‌സും അടിച്ചുതകര്‍ത്തു. കടയോടു ചേര്‍ന്ന് വച്ചിരുന്ന ഒരു ബൈക്കും അക്രമികള്‍ തകര്‍ത്തു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ചാക്കോ ഓട്ടോ ഡ്രൈവറാണ്. വൈശാഖന്‍ സ്വകാര്യ നെറ്റ്‌വര്‍ക്ക് ജീവനക്കാരനുമാണ്. രാത്രിയിലുണ്ടായ അപ്രതീക്ഷിത ആക്രമണത്തിലുണ്ടായ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.

അക്രമികള്‍ ക്വട്ടേഷന്‍ സംഘമാണെന്നും ആളുമാറി ആക്രമണം നടത്തിയതാകാമെന്നു പോലീസ് പറയുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നിരണത്തുള്ള ക്വട്ടേഷന്‍സംഘം ഹരിപ്പാട്ട് എത്തി ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാക്രമണമായിരിക്കാം ചൊവ്വാഴ്ച നടന്നതെന്നു പോലീസ് പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്.