റമദാന്‍ മുഴുവന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍

03:44pm 29/06/2016
download (10)
റിയാദ്: റമദാന്‍ മുഴുവന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്‍െറ വിളംബരമായി മാറുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം അതിഥികളായി ഓരോ ദിവസവും എത്തുന്ന നോമ്പുതുറയില്‍ സാധാരണക്കാരായ ആയിരത്തോളം ആളുകളാണ് പങ്കെടുക്കുന്നത്. ബത്ഹയിലെയും ശുമൈസിയിലെയും ഇസ്ലാഹി സെന്‍റര്‍ ഓഡിറ്റോറിയങ്ങളിലും സഹ അല്‍റിയാദ് ക്ളിനിക്കിന്‍െറ മുന്‍വശത്ത് പ്രത്യേക തമ്പൊരുക്കിയുമാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചുവരുന്നത്. ബത്ഹ ശാറ റെയിലിലെ ഇസ്ലാഹി സെന്‍ററിന്‍െറ ഭാഗമായ ഓഡിറ്റോറിയത്തില്‍ നാനൂറിലധികം ആളുകളാണ് ദിനം പ്രതി നോമ്പുതുറക്കുന്നത്. ബത്ഹ ശാറ ഗുറാബിയില്‍ ഒരുക്കിയ തമ്പില്‍ അഞ്ഞൂറോളം പേര്‍ക്കും സൗകര്യമുണ്ട്. ഇതിന് പുറമെ ശുമൈസി ശാഖയില്‍ പ്രതിദിനം നൂറോളം പേരും പങ്കെടുക്കുന്നു. സെന്‍റര്‍ പ്രസിഡന്‍റ് കെ.ഐ ജലാല്‍, ജനറല്‍ കണ്‍വീനര്‍ എം.ഡി ഹുസ്സന്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എിവരുടെ നേതൃത്വത്തിലുള്ള രണ്ട് വിങ്ങുകളാണ് എല്ലാ ദിവസവും അസര്‍ നമസ്കാരത്തിന് ശേഷം ഇഫ്താര്‍ വിരുന്നൊരുക്കാന്‍ സജീവമാകുന്നത്. അബ്ദുറഹ്്മാന്‍ മദീനി, അബ്ദുല്‍ അസീസ് കോട്ടക്കല്‍, ഫസ്്ലുല്‍ ഹഖ് ബുഖാരി, ഫളുലുറഹ്്മാന്‍ അറക്കല്‍, ബഷീര്‍ സ്വലാഹി, നജീബ് സ്വലാഹി, സഅദുദ്ദീന്‍ സ്വലാഹി, ടി.പി മര്‍സൂഖ്, മുഹമ്മദലി കരുവാരകുണ്ട്, വാജിദ് ചെറുമുക്ക് എന്നിവരാണ് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ സന്നദ്ധപ്രവര്‍ത്തനവുമായി രംഗത്തുള്ളത്. ഇഖ്ബാല്‍ വേങ്ങര, പി.എം മുഹമ്മദ് പത്തപ്പിരിയം, ടി.കെ നാസര്‍, മന്‍സുര്‍ സിയാംകണ്ടം, മൂസ തലപ്പാടി, സിബ്ഗത്തുല്ല, ശരീഫ് അരീക്കോട്, ഡോ. ഉമര്‍ ഫാറൂഖ് എന്നിവര്‍ മറ്റ് രണ്ട് ടെന്‍ഡുകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇഫ്താറിന് എത്തുന്ന ആളുകള്‍ക്കെല്ലാം വൈജ്ഞാനിക മത്സരങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ലേണ്‍ ദി ഖുര്‍ആന്‍ 18ാം ഘട്ട പരീക്ഷയുടെ പാഠ പുസ്തകവും ഇവിടെ വിതരണം ചെയ്യുന്നു. അസര്‍ നമസ്കാരത്തിന് ശേഷം ആരംഭിക്കുന്ന പഠന ക്ളാസുകള്‍ക്കും പ്രഭാഷണ പരിപാടിക്കും പ്രഗത്ഭ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്നു. ഇഫ്താറില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഉംറ ട്രിപ്പുകളും സംഘടിപ്പിച്ചുവരുന്നു.