നിരാഹാര സമരം പ്രതിപക്ഷം അവസാനിപ്പിച്ചതിനെ പരിഹസിച്ച്​ എം സ്വരാജ്

08:33 pm 5/10/2016
images (2)

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നടത്തിവന്ന നിരാഹാര സമരം പ്രതിപക്ഷം അവസാനിപ്പിച്ചതിനെ പരിഹസിച്ച്​ എം സ്വരാജ് എം.എൽ.എ. സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയ സാഹചര്യത്തില്‍ നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നത് എന്ത്​ കൊണ്ടാണെന്ന്​ സ്വരാജ് ചോദിച്ചു. സമരം മാന്യമായി അവസാനിപ്പിക്കാന്‍ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം നാണംകെട്ട് പിരിയണം എന്ന ഗ്രൂപ്പ് താത്പര്യത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സ്വരാജ് ചോദിക്കുന്നു.

നേരത്തെയുള്ള കലണ്ടര്‍ പ്രകാരം നാളെ കഴിഞ്ഞാല്‍ 17 ന് മാത്രമ സഭ ഉണ്ടായിരുന്നുള്ളൂ. സഭ ഇല്ലാത്ത സാഹചര്യത്തില്‍ നിരാഹാരം വേണ്ടെന്നാണെങ്കില്‍ നാളെ അവസാനിപ്പിക്കാനിരുന്ന നിരാഹാര സമരമാണോ വി ടി ബല്‍റാം ആവേശത്തോടെ തുടങ്ങിയത്. സമരം നടത്താനും നിര്‍ത്താനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടാണ് ഈ സംശയങ്ങള്‍ ഇവിടെ കുറിക്കുന്നതെന്ന് സ്വരാജ് വ്യക്തമാക്കുന്നു.

(ഫേസ്​ബുക്കി​െൻറ പൂർണ്ണ രൂപം)

സംശയം …
അടുത്ത പത്തുനാൾ സഭ സമ്മേളിക്കാത്തതിനാൽ സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ്.
ശരി.
നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ?
സഭയിൽ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോൾ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അർത്ഥം. ?
നേരത്തെയുള്ള കലണ്ടർ പ്രകാരം നാളെ കഴിഞ്ഞാൽ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരുന്നുള്ളൂ. നാളെ ഒരു ദിവസത്തെ സഭയാണ് ഇപ്പോൾ ഒഴിവാക്കപ്പെട്ടത്. സഭയില്ലാത്ത സാഹചര്യത്തിൽ നിരാഹാരം വേണ്ടെന്നാണെങ്കിൽ നാളെ എന്തായാലും അവസാനിപ്പിക്കാൻ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത്. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ ബൽറാം ആവേശത്തോടെ തുടക്കം കുറിച്ചത് ?

സമരം നടത്താനും നിർത്താനുമുള്ള പൂർണ അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ തോന്നിയ സംശയം ഇവിടെ കുറിച്ചെന്ന് മാത്രം. സമരം മാന്യമായി അവസാനിപ്പിക്കാൻ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം ‘നാണം കെട്ടുപിരിയണം’ എന്ന ഗ്രൂപ്പ് താൽപര്യത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്?