ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി

08:28 pm 5/10/2016
download (11)
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹീറാണ് ഇക്കാര്യം അറിയിച്ചത്.

സൈനിക ദൗത്യത്തിൽ ചട്ടപ്രകാരമുള്ള എല്ലാ നടപടികളും സൈന്യവും സർക്കാറും പിന്തുടർന്നിരുന്നു. പ്രതിരോധ മന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, പ്രധാനമന്ത്രിയോ അല്ല മിലിട്ടറി ഓപ്പറേഷനുകളുടെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറലാണ് മിന്നലാക്രമണം നടത്തിയ വിവരം രാജ്യത്തെ അറിയിച്ചത്. അതാണ് സൈന്യം അനുവര്‍ത്തിക്കുന്ന കീഴ്‌വഴക്കവും-ഹന്‍സ്‌രാജ് അഹീർ വിശദീകരിച്ചു.
​സൈനിക ദൗത്യങ്ങളുടെ രേഖകൾ സമർപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇപ്പോൾ ദൃശ്യങ്ങളാണ്​ ​സൈന്യം സമർപ്പിക്കുന്നത്​. അതു പ്രകാരം ദൃശ്യങ്ങൾ സർക്കാറിന്​ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കിയതിനിടയിലാണ് സൈന്യം വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയിരിക്കുന്നത്​. ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ്​ സമിതിയുടെ യോഗത്തിന്​ ശേഷമാണ്​ ആഭ്യന്തര സഹമന്ത്രി പ്രസ്​താവന നടത്തിയിരിക്കുന്നത്​.

മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം മിന്നലാക്രമണം വ്യാജമാണെന്നാരോപിച്ചതോടെയാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടണമെന്ന വാദം ശക്തമായത്​. ഓപ്പറേഷന്റെ എഡിറ്റ് ചെയ്ത ചെറുപതിപ്പ് പുറത്തു വിടണമെന്ന്​ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും ആവശ്യപ്പെട്ടിരുന്നു.
പാക്​ അതിർത്തിയിൽ നടത്തിയ മിന്നലാക്രമത്തിൽ സംശയം നിലനിൽക്കുന്നവർ പാകിസ്​താൻ പൗരത്വത്തിന്​ അപേക്ഷ നൽകുകയെന്നാണ്​ കേന്ദ്രമന്ത്രി ഉമാഭാരതി പ്രതികരിച്ചത്​.