ഷിക്കാഗോ പബ്ലിക് സ്കൂള്‍ അധ്യാപകരെ പിരിച്ചു വിടല്‍ ആരംഭിച്ചു

08:09 pm 5/10/2016

– പി. പി. ചെറിയാന്‍
Newsimg1_53085844
ഷിക്കാഗോ : ഷിക്കാഗോ പബ്ലിക് സ്കൂളുകളില്‍ നിന്നും അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ മുന്നോടിയായി 134 അധ്യാപകരേയും 103 അനധ്യാപകരേയും പിരിച്ചു വിട്ടതായി ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ലഭ്യമായ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ചു നിലവിലുളള അധ്യാപകരെ നിലനിര്‍ത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തി വരുന്നതായും വിദ്യാഭ്യാസ വക്താവ് എമിലി ബിറ്റ്‌നര്‍ പറഞ്ഞു. ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 3.5 ശതമാനം കുറവും കഴിഞ്ഞ 10 വര്‍ഷം കൊണ്ടു വിദ്യാര്‍ത്ഥികളുടെ എണ്ണം 6.8 ശതമാനവും കുറഞ്ഞിട്ടുണ്ട്. 2015–2016 വര്‍ഷം 13,804 വിദ്യാര്‍ത്ഥികളുടെ കുറവാണ് വിദ്യാഭ്യാസ ജില്ലയില്‍ ഉണ്ടായിട്ടുളളത്. ഇതിനനുപാതമായി അധ്യാപകരിലും കുറവ് വരുത്തുന്നതാവശ്യമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഒക്ടോബര്‍ 11 മുതല്‍ സ്കൂള്‍ അധ്യാപകര്‍ സമരം ആരംഭിക്കുന്നതിനുളള നോട്ടീസ് നല്‍കി കഴിഞ്ഞിട്ടുണ്ട്. അധ്യാപകരെ പിരിച്ചു വിടല്‍ തുടര്‍ന്നാല്‍ സമരം നേരത്തെ ആരംഭിക്കേണ്ടി വരുമോ എന്നാണ് ഷിക്കാഗൊ ടീച്ചേഴ്‌സ് യൂണിയന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഷിക്കാഗോ വിദ്യാഭ്യാസ ജില്ലക്ക് അടിയന്തിരമായി 12.5 മില്യണ്‍ ഡോളര്‍ ലഭിച്ചാലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നാണ് അധികൃതര്‍ അഭിപ്രായപ്പെട്ടത്.