നീനാ പനയ്ക്കലിനും മുരളി ജെ. നായര്‍ക്കും ഗീതാ രാജനും ഫൊക്കാനാ സാഹിത്യ അവാര്‍ഡ്

09:42am 08/7/2016
Newsimg1_1709419
ടൊറോന്റോ: കാനഡയിലെ ടൊറോന്റോയില്‍ നടന്ന ഫൊക്കാനായുടെ പതിനേഴാമത് നാഷണല്‍ കണവെന്‍ഷനോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡുകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ നീനാ പനയ്ക്കല്‍, മുരളി ജെ. നായര്‍, ഗീതാ രാജന്‍ എന്നിവര്‍ അര്‍ഹരായി.

നോവല്‍ വിഭാഗത്തില്‍ നീനാ പനയ്ക്കലിന്റെ “കളേഴ്‌സ് ഒഫ് ലവ്’, കഥാവിഭാഗത്തില്‍ മുരളി ജെ. നായരുടെ “ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍’, കവിതാവിഭാഗത്തില്‍ ഗീതാ രാജന്റെ “മഴയനക്കങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് അവാര്‍ഡിനര്‍ഹമായത്.

ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണില്‍നിന്നു നീനാ പനയ്ക്കലും മുരളി ജെ നായരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഗീതാ രാജനുവേണ്ടി കഥാകൃത്തും നോവലിസ്റ്റുമായ നിര്‍മ്മലയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

തദവസരത്തില്‍, അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ഡോ. പി.സി.നായര്‍, ഫൊക്കാനാ അസോസിയേറ്റ് ട്രഷറര്‍ സണ്ണി ജോസഫ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.