നെല്‍കര്‍ഷകരെ പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; നെല്ല് സംഭരിച്ച തുക നല്‍കിയില്ല

12:07pm 21/4/2016

download
ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക വിഷുക്കൈനീട്ടമായി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. നെല്ല് സംഭരിച്ച് 68 ദിവസം കഴിഞ്ഞിട്ടും പണം കൊടുത്തിട്ടില്ല. 313 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്.
കര്‍ഷകരില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ തുക വിഷുക്കൈനീട്ടമെന്നോണം കൊടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദ്ധാനം. എന്നാല്‍ ഈ വിഷുക്കൈനീട്ടവും പ്രതീക്ഷിച്ചിരുന്ന ഒരുലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി പന്ത്രണ്ട് കര്‍ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. നെല്ല് സംഭരിച്ചിട്ട് ഇന്ന് 68 ദിവസമായി. വിഷു കഴിഞ്ഞിട്ട് ഒരാഴ്ചയും. പക്ഷേ പണം കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
313 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ളത്. ഏറ്റവും കൂടുതല്‍ ആലപ്പുഴ ജില്ലയില്‍. 88 കോടി. കോട്ടയത്ത് 36 കോടിയും തൃശ്ശൂരില്‍ 44 കോടി രൂപയും കുടിശ്ശികയുണ്ട്. പണം കിട്ടാത്തതിനാല്‍ രണ്ടാം കൃഷിയിറക്കാന്‍ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 30ആം തീയതി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് കേരള നെല്‍ കര്‍ഷക കൂട്ടായ്മ.