ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം ഹൈകോടതി റദ്ദാക്കി

03:55pm 21/04/2016
highcourt_image
നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈകോടതി റദ്ദാക്കി. രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് ഹൈകോടതി റദ്ദാക്കിയത്. ഹരീഷ് റാവതിന്റെ സര്‍ക്കാര്‍ ഏപ്രില്‍ 29ന് നിയമസഭയില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടു. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് കെ.എം ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് നിരീക്ഷിച്ചത്.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെയും കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ആര്‍ട്ടിക്ള്‍ 356 പ്രകാരം രാഷട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് തക്കതായ കാരണമൊന്നും രാഷ്ട്രപതി കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. അവസാന ശ്രമമായി മാത്രമേ ആര്‍ട്ടിക്ള്‍ 356 ഉപയോഗിക്കാന്‍ പാടുള്ളു എന്നും കോടതി പറഞ്ഞു.

ഒമ്പത് വിമത എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. നിയമസഭ ചേര്‍ന്നു ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ടു തേടാനിരിക്കേയാണു തലേന്നു രാത്രി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. രാത്രി വളരെ വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചുകൂട്ടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു.