നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു

08:20 am 30/11/2016

download

തിരുവനന്തപുരം: നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു. ശമ്പള ദിവസങ്ങളിലെ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവും ബാങ്ക് ജീവനക്കാരില്‍നിന്ന് ഉയര്‍ന്നു. പുതിയ 500, 2000 രൂപ നോട്ടുകളും നിലവിലുണ്ടായിരുന്ന ചില്ലറ നോട്ടുകളും തിരിച്ച് ബാങ്കിലത്തെിക്കുക എന്നതാണ് ശമ്പള ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള എളുപ്പവഴി. അതിനാലാണ് നവംബര്‍ 29 മുതല്‍ പുതിയ നോട്ടുകളും സാധുവായ നോട്ടുകളും ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍നിന്ന് ആര്‍.ബി.ഐ ഇളവ് അനുവദിച്ചത്. എന്നാല്‍, ഈ പ്രഖ്യാപനം കടുത്ത ആശയക്കുഴപ്പമാണ് ജീവനക്കാരില്‍ ഉണ്ടാക്കിയിരിക്കുന്നത്. പണമായി നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമാണോ അതോ ശമ്പളമടക്കമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാകുമോ എന്ന കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിക്കുപോലും വ്യക്തതയില്ല. ഈ നിര്‍ദേശം ജോലിഭാരം ഇരട്ടിയാക്കുമെന്നും ജീവനക്കാര്‍ പറയുന്നു.

അസാധുനോട്ടും സാധുവോട്ടും ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. അതിനാല്‍ നിക്ഷേപിച്ചതില്‍ അസാധു ഏത്, സാധു ഏത് എന്ന് വേര്‍തിരിച്ച് മനസ്സിലാക്കുന്നതിന് നിലവിലെ സംവിധാനത്തിലോ സോഫ്റ്റ്വെയറിലോ മാര്‍ഗമില്ളെന്നും ബാങ്ക് ജീവനക്കാര്‍ പറയുന്നു. കോര്‍ ബാങ്കിങ് സംവിധാനമായതിനാല്‍ ഏത് ബാങ്ക് ശാഖ വഴിയും പണം നിക്ഷേപിക്കാം. ഒരാള്‍ 50000ത്തിന്‍െറ അസാധു നോട്ടുകള്‍ ഒരു ബാങ്ക് ശാഖയിലൂടെയും 50000ത്തിന്‍െറ സാധുവായ നോട്ട് മറ്റൊരു ബാങ്ക് വഴിയും നിക്ഷേപിക്കുന്നു. രണ്ടു ദിവസത്തിനുശേഷം അക്കൗണ്ടുള്ള ശാഖയിലത്തെി 80000 രൂപ പിന്‍വലിച്ചാല്‍ നിക്ഷേപിച്ചതില്‍ സാധു-അസാധു നോട്ടുകള്‍ വേര്‍തിരിച്ചറിയാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ ബാങ്കിങ് നടപടികള്‍ പ്രതിസന്ധിയിലാവും.

തങ്ങളുടെ ശാഖയിലേക്ക് എങ്ങനെയും പണമത്തെിക്കാനുള്ള നെട്ടോട്ടത്തിലാണ് ബാങ്ക് മാനേജര്‍മാര്‍. പണത്തിനായി ഇവര്‍ അതത് ബാങ്കുകളുടെ റീജനല്‍ ഓഫിസിലും റീജനല്‍ മാനേജര്‍മാരും അതിന് മുകളിലുള്ളവരും റിസര്‍വ് ബാങ്ക് ആസ്ഥാനത്തും കാത്തുകെട്ടി കിടപ്പാണ്. ആര്‍.ബി.ഐ പ്രാദേശിക കേന്ദ്രങ്ങളില്‍ എത്തുന്ന പണത്തിന്‍െറ മുഖ്യപങ്ക് എസ്.ബി.ഐ ശാഖകള്‍ക്ക് പോകും. ബാക്കി പണം ഇതര ബാങ്കുകള്‍ക്ക് ആനുപാതികമായി നല്‍കും. ഉത്തര കേരളത്തിലേക്ക് പണമത്തെുന്നതും തീരെ കുറവാണ്.
പണമില്ലാതായതോടെ സംസ്ഥാനത്ത് ആദ്യമായി ഇടപാടുകാരോട് കടംപറയേണ്ട അവസ്ഥയിലാണ് ബാങ്ക് ശാഖകള്‍. പ്രതിവാരം പിന്‍വലിക്കാവുന്ന പരമാവധി തുകയായി 24,000 രൂപക്ക് എഴുതിക്കൊടുക്കുന്നവരോട് 10,000 ഇപ്പോള്‍ നല്‍കാം, ബാക്കി പിന്നെ എന്നാണ് പല ബാങ്കുകളിലും മറുപടി. പ്രമുഖ നഗരങ്ങളിലെ ബാങ്കുകളിലാണ് എഴുതിക്കൊടുക്കുന്ന പണം കൃത്യമായി കിട്ടുന്നത്.
പുതിയ നോട്ടുകള്‍ക്ക് ക്ഷാമമായതോടെ, നേരത്തേ ജനം ബാങ്കുകളില്‍ തിരിച്ചേല്‍പ്പിച്ച ഉപയോഗക്ഷമമല്ലാത്തതും കീറിയതുമായ നോട്ടുകള്‍ വീണ്ടും വിതരണത്തിനത്തെി.