ഭോപാല്‍ ജയില്‍ വാര്‍ഡന്‍െറ കുടുംബം നേരിടുന്ന ഭീഷണി ഗൗരവതര.

08:16 am 30/11/2016

images
ന്യൂഡല്‍ഹി: ജയില്‍ വാര്‍ഡന്‍ രമാശങ്കര്‍ യാദവിന്‍െറ മരണം പോലെ ഗൗരവതരമാണ് മരണശേഷവും അദ്ദേഹത്തിന്‍െറ കുടുംബത്തിനുള്ള ഭീഷണിയെന്ന് ഭോപാല്‍ കൂട്ടക്കൊലയെ കുറിച്ചുള്ള വസ്തുതാന്വേഷണ സംഘത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജയില്‍ ചാട്ടത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്ന റിപ്പോര്‍ട്ട് എല്ലാവരെയും നിരത്തി നിര്‍ത്തി നാട്ടുകാരുടെ സാന്നിധ്യത്തില്‍ വെടിവെക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. ന്യൂഡല്‍ഹി പ്രസ്ക്ളബില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് വസ്തുതാന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിമി നിരോധിക്കപ്പെട്ടശേഷം അവയുടെ സാഹിത്യങ്ങള്‍ കണ്ടെടുത്തുവെന്ന് പറഞ്ഞ് മധ്യപ്രദേശില്‍ 89 കേസുകളാണ് മുസ്ലിംകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ചടങ്ങില്‍ പങ്കെടുത്ത ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍െറ മനീഷാ സേഥി പറഞ്ഞു

സിമിയുടെ നിരോധിത സാഹിത്യങ്ങളെന്ന് പറഞ്ഞവ സ്കൂള്‍ പാഠപുസ്തകങ്ങളും മാഗസിനുകളും ഉറുദു ബാല സാഹിത്യങ്ങളുമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞുവെന്നും മനീഷാ സേഥി തുടര്‍ന്നു. കൊല്ലപ്പെട്ട വിചാരണ തടവുകാരില്‍ ഭൂരിഭാഗത്തിനുമെതിരെയുള്ള കുറ്റം ഏതെങ്കിലും അക്രമ സംഭവങ്ങളായിരുന്നില്ളെന്നും ഇത്തരം സാഹിത്യങ്ങള്‍ കൈവശം വെച്ചുവെന്നതായിരുന്നുവെന്നും മനീഷ ചൂണ്ടിക്കാട്ടി. ഭരണകൂടം ക്രിമിനല്‍വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിന്‍െറ തെളിവാണ് ഭോപാല്‍ സംഭവമെന്ന് ഉഷാ രാമനാഥന്‍ പറഞ്ഞു. വിപുല്‍ കുമാര്‍ (ക്വില്‍ ഫൗണ്ടേഷന്‍), അശോക് കുമാരി (ഡല്‍ഹി സര്‍വകലാശാല), അന്‍സാര്‍ ഇന്ദോരി (എന്‍.സി.എച്ച്.ആര്‍.ഒ), മുഹമ്മദ് ഹസനുല്‍ ബന്ന (മാധ്യമം ലേഖകന്‍), സല്‍മാന്‍ (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്) സ്വാതി ഗുപ്ത (ബസ്തര്‍ സോളിഡാരിറ്റി നെറ്റ്വര്‍ക്ക്), ഹിശാം (സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്), സൂര്യ ലില്‍ദിയാല്‍ (റിസര്‍ച് അസോസിയേറ്റ്, ക്വില്‍ ഫൗണ്ടേഷന്‍) തിമിഷ ദാധിച് (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്) എന്നിവരായിരുന്നു വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.