നൈന 2016 നാഷണല്‍ കണ്‍വന്‍ഷന്‍: പ്രഥമ ജേര്‍ണല്‍ അണിയറയില്‍

11:45AM 10/8/2016

Newsimg1_97744788
ഷിക്കാഗോ: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ളതും ഇപ്പോള്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആതുരസേവനത്തിന്റെ നാനാതലങ്ങളില്‍ സമഗ്രമായ സംഭാവന നല്‍കി പിറന്ന നാടിനും പോറ്റുന്ന നാടിനും കീര്‍ത്തിയും കിരീടവും നേടിക്കൊടുത്തവുമായ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ ഏക ദേശീയ സംഘടനയാണ നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക.

ഔദ്യോഗിക പശ്ചാത്തലത്തിന്റേയോ, വിദ്യാഭ്യാസ പരിശീലനത്തിന്റേയോ ഏറ്റക്കുറച്ചിലുകള്‍ക്ക് ഒരു പരിഗണനയും നല്കാതെ തങ്ങളുടെ ഭാരതീയ സംസ്കാരത്തേയും നഴ്‌സിംഗ് പശ്ചാത്തലത്തേയും ഉയര്‍ത്തിപ്പിടിക്കാന്‍ വേദിയൊരുക്കുന്ന നൈന ദൈ്വവാര്‍ഷിക കണ്‍വന്‍ഷന്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാര്‍ക്ക് വിജ്ഞാനത്തിന്റേയും വിനോദത്തിന്റേയും മാത്രമല്ല ഗതകാല സ്മരണ പുതുക്കലിന്റേയും പുത്തന്‍ സൗഹൃദങ്ങളുടേയും വേദിയാണ്.

ഈവരുന്ന ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന നൈന നാഷണല്‍ കണ്‍വന്‍ഷനും ദശാബ്ദി ആഘോഷങ്ങളും ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സിംഗ് സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നൈനയുടെ ഇതുവരെയുള്ള ഉദ്യമങ്ങള്‍ പോലെ ഈ കണ്‍വന്‍ഷനും നിരവധി പുതുമകളുള്ള സംരംഭമായിരിക്കും.

2016 നൈന കണ്‍വന്‍ഷന്റെ ഒരു പ്രത്യേകത നൈനയുടെ പ്രഥമ ജേര്‍ണല്‍ പ്രകാശനം ചെയ്യുന്നു എന്നതാണ്. നഴ്‌സുമാര്‍ക്ക് തങ്ങളുടെ ശാസ്ത്രീയ രചനകളും, ആരോഗ്യരംഗവുമായി ബന്ധമുള്ള സാഹിത്യ രചനകളും പ്രസിദ്ധീകരിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായിരിക്കും. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധേയമായ രചനകള്‍ സംഭാവന ചെയ്തവര്‍ നമ്മുടെയിടയിലുണ്ട്. അതോടൊപ്പം തുടക്കക്കാരും. തങ്ങളുടെ സൃഷ്ടികള്‍ അഭിമാനപൂര്‍വ്വം വെളിച്ചത്തുകൊണ്ടുവരുന്നതിന് എല്ലാ രചയിതാക്കളേയും ഡോ. റേച്ചല്‍ കോശിയുടെ നേതൃത്വത്തിലുള്ള ജേര്‍ണല്‍/സുവനീര്‍ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

നൈനയുടെ പ്രഥമ ജേര്‍ണലിന്റെ കവര്‍പേജ് രൂപകല്‍പ്പന ചെയ്യുവാനും നിങ്ങള്‍ക്ക് അവസരമുണ്ട്. ജേര്‍ണലിനൊപ്പമുള്ള കണ്‍വന്‍ഷന്‍ സുവനീറില്‍ തങ്ങളുടെ ഉദ്യമങ്ങളെ വരച്ചുകാട്ടി അമേരിക്കയുടെ മുക്കിലും മൂലയിലുമുള്ള ഇന്ത്യന്‍ സമൂഹത്തിലേക്ക് തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ എത്തിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും, രചനകള്‍ക്കും, പരസ്യങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദേശം ലഭിക്കുവാന്‍ www.nainausa.com സന്ദര്‍ശിക്കുക. കൃതികള്‍ അയയ്‌ക്കേണ്ട വിലാസം nainajc2016@gmail.com ആണ്. കൂടുതല്‍ വിവരങ്ങളും ഈ ഇമെയില്‍ വിലാസത്തില്‍ നിന്നും ലഭിക്കുന്നതാണ്. നൈന ജേര്‍ണല്‍ കമ്മിറ്റി അംഗം ലതാ ജോസഫ് MSN, RN, AGPCNP-BC അറിയിച്ചതാണിത്.