നോക്കുകൂലി ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നുവെന്ന് മുന്‍ ഡിജിപി

11:24 am 18/11/2016

– പി. പി. ചെറിയാന്‍
Newsimg1_72595157
ഡാലസ് : അറുപതാം പിറന്നാള്‍ ആഘോഷിച്ച കേരള സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ശാപം ചുമട്ടു തൊഴിലാളികള്‍ മാത്രം ബലമായി ആവശ്യപ്പെട്ടിരുന്ന നോക്കുകൂലി ഇപ്പോള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു എന്നതാണെന്ന് മുന്‍ കേരള ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ് ഓഫീസുകളില്‍ കയറി ഇറങ്ങുന്ന സാധാരണക്കാരനായ കേരളീയന്റെ പരിദേവനങ്ങള്‍ ഉള്‍കൊളളുന്ന ഫയലുകള്‍ നോക്കുന്നതിനുപോലും കൂലി ആവശ്യപ്പെടുന്ന തലത്തിലേക്ക് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ അധഃപതിച്ചിരിക്കുന്നതായും ജേക്കബ് ചൂണ്ടിക്കാട്ടി. നവംബര്‍ 16 ബുധന്‍ വൈകിട്ട് 7 മണിക്ക് പസന്ത് റസ്‌റ്റോറന്റില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു ജേക്കബ് പുന്നൂസ്.

അറുപത് വര്‍ഷത്തെ വളര്‍ച്ചയില്‍ കേരളം ലോകോത്തര നേട്ടങ്ങള്‍ കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 1958 കേരളീയന്റെ പ്രതിശീര്‍ഷക വരുമാനം 241 രൂപയായിരുന്നുവെങ്കില്‍ ഇന്നത് ഒന്നര ലക്ഷമായി വളര്‍ന്ന് നില്‍ക്കുന്നു. അതുപോലെ കൊലപാതകങ്ങളുടെ എണ്ണത്തില്‍ ജനസംഖ്യാ ആനുപാതിക വളര്‍ച്ചയ്ക്ക് പകരം നേരെ വിപരീതമായാണ് സംഭവിച്ചിരിക്കുന്നത്. കേരളം രൂപം പ്രാപിച്ച വര്‍ഷം ജനസംഖ്യ 2½ കോടിയായിരുന്നപ്പോള്‍ കൊലപാതകങ്ങള്‍ 545 ആയിരുന്നു. എന്നാല്‍ ജനസംഖ്യ 3½ കോടിയായി വര്‍ദ്ധിച്ചപ്പോള്‍ കൊലപാതകങ്ങളുടെ എണ്ണം 295 ആയി കുറഞ്ഞത് കേരള പൊലീസിന്റെ നേട്ടമായി കാണണമെന്ന് ഡിജിപി അഭിപ്രായപ്പെട്ടു.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കേരളീയര്‍ ഇന്ന് സമൃദ്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഷാജി രാമപുരം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോണ്‍സന്‍ തലച്ചെല്ലൂര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ ആശംസാ പ്രസംഗം നടത്തി. അലക്‌സ് അലക്‌സാണ്ടര്‍ (സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.