നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി

03:39 pm 13/11/2016
images (1)
പനജി: നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബര്‍ എട്ടിനുശേഷം രാജ്യത്ത് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നോട്ട്​ മാറാൻ വേണ്ടി ജനങ്ങള്‍ ഇടക്കിടെ ബാങ്കുകളിലേക്ക്​ പോകേണ്ടതില്ലെന്നും അവശ്യ സമയത്ത് പണം ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തിനായി ​വീടും കുടുംബവും ഉപേക്ഷിച്ചയാളാണ്​ താനെന്ന്​ വികാരാധീനനായി മോദി പറഞ്ഞു.

ഗോവയിൽ മോപ്പ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തി​െൻറ ശിലാസ്ഥാപനം നടത്തി സംസാരിക്കവെയാണ്​ നോട്ട്​ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ മോദി വികാരാധീനനായത്​. അഴിമതിക്കെതിരെ പോരാടാനാണ് ജനങ്ങള്‍ ഈ സര്‍ക്കാറിനെ തെരഞ്ഞെടുത്തത്. കള്ളപ്പണവും അഴിമതിയും തടയുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ല. എല്ലാ ബിനാമി ഇടപാടുകളും പരിശോധിക്കും. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാറി​െൻറ ലക്ഷ്യം. അഴിമതിക്കെതിരെയുളള സര്‍ക്കാരിന്റെ പോരാട്ടം തുടരും. പ്രധാനമന്ത്രി കസേരയില്‍ വെറുതെ ഇരിക്കാനല്ല ഞാന്‍ ജനിച്ചത്. എന്റെ വീട്, കുടുബം എല്ലാം ഞാൻ രാജ്യത്തിനു വേണ്ടി ഉപേക്ഷിച്ചെന്നും വികാരാധീനനായി മോദി പറഞ്ഞു.

ഈ ബുദ്ധിമുട്ടുകൾ 50 ദിവസം മാത്രമേ നീണ്ടുനിൽക്കൂ. 50 ദിവസം കൊണ്ട് ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിലേക്കു രാജ്യത്തെ എത്തിക്കും. സ്വർണം വാങ്ങുന്നതിനു പാൻ കാർഡ് നിർബന്ധമാക്കരുതെന്ന് നിരവധി എം.പിമാർ ആവശ്യപ്പെട്ടിരുന്നു. കുപ്രചാരണങ്ങൾ കണക്കിലെടുക്കുന്നില്ല. നോട്ടുകൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ പത്തു മാസം മുമ്പ് തുടങ്ങിയതാണെന്നും ഇത്​ പരമ രഹസ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ഉന്നത തലയോഗം വിളിച്ചു. വ്യാപക പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.