നോട്ട് റദ്ദാക്കൽ: വാഹന വിൽപ്പനയിൽ തിരിച്ചടി

10.26 PM 10/01/2017
car-121016
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വാഹന വിൽപ്പനയിൽ കനത്ത തിരിച്ചടി സൃഷ്ടിച്ചതായി കണക്കുകൾ. നോട്ടു റദ്ദാക്കലിനുശേഷം ഡിസംബർ മാസത്തിൽ വാഹന വിൽപ്പന 18.66 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽസ് മാനുഫാക്ച്ചേഴ്സ്(എസ്ഐഎഎം) ആണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. സ്കൂട്ടർ, കാർ, ബൈക്ക് എന്നിവയുടെ വിൽപ്പനയാണ് കുറഞ്ഞത്. അതേസമയം, വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 1.15 ശതമാനം വർധിച്ചു.

കഴിഞ്ഞ 16 വർഷത്തെ വാഹന വിൽപ്പനയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചത്. 2015 ഡിസംബറിനെ അപേക്ഷിച്ച് കാർ വിൽപ്പനയിൽ 8.14 ശതമാനവും, പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ 1.36 ശതമാനവും ബൈക്കുകളുടെ വിൽപനയിൽ 22.5 ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം, സ്കൂട്ടർ വിൽപ്പനയിൽ മാത്രം ഡിസംബറിൽ 26 ശതമാനത്തിന്റെ ഇടവ് ഉണ്ടായി.

കഴിഞ്ഞവർഷം ഡിസംബറിൽ 15,02,314 യൂണിറ്റുകൾ വിറ്റഴിഞ്ഞപ്പോൾ 2016 ഡിസംബറിൽ 12,21,929 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചതെന്ന് എസ്ഐഎഎം ഡയറക്ടർ ജനറൽ വിഷ്ണു മാതൂർ പറഞ്ഞു. 2000 ഡിസംബറിൽ വാഹന വിൽപ്പന 21.81 ശതമാനം കുറഞ്ഞിരുവെന്നും മാതൂർ കൂട്ടിച്ചേർത്തു.