നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28-ന് ആരംഭിക്കും

09:20am 22/7/2016

ബെന്നി പരിമണം

Newsimg1_56563666

മിഷിഗണ്‍: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഈവര്‍ഷത്തെ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28 മുതല്‍ 31 വരെ നടക്കും. മിഷിഗണ്‍ സെന്റ് റാപ്പിഡ്‌സിലുള്ള കാല്‍വിന്‍ കോളജ് വേദിയാകുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം ‘I am With You’ എന്നതാണ്. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകയും മിഡ്‌വെസ്റ്റ് റീജിയന്‍ യൂത്ത് ഗ്രൂപ്പും സംയുക്തമായി അതിഥ്യമരുളുന്ന സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി അനേകം യൂത്ത് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളന ആത്മീക ദര്‍ശനങ്ങളുടെ പഠനങ്ങള്‍ക്ക് വേദിയാകും.പ്രമുഖ വേദശാസ്ത്ര പണ്ഡിതനും, വാഗ്മിയുമായ റവ. ലാറി വര്‍ഗീസ് കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രഭാഷകനാണ്. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവക വികാരി റവ ജോജി ഉമ്മന്‍ ഫിലിപ്പ്, മിഡ്‌വെസ്റ്റ് റീജിയന്‍ യൂത്ത് ചാപ്ലെയിനും ചിക്കാഗോ ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരിയുമായ റവ. ക്രിസ്റ്റഫര്‍ ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ കോണ്‍ഫറന്‍സിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനതയുടെ സംഗമവേദിയായ ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സിന്റെ ഈവര്‍ഷത്തെ സമ്മേളനം വൈവിധ്യങ്ങളായ പരിപാടികള്‍കൊണ്ട് പുതുമനിറഞ്ഞതായിരിക്കും. ഈ കോണ്‍ഫറന്‍സിന്റെ കോര്‍ഡിനേറ്റേഴ്‌സായി ടെസ്സി സാമുവേല്‍, ഷെയ്ന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: IamWithYou2016.com സന്ദര്‍ശിക്കുക. ടെസ്സി സാമുവേല്‍ (586 295 0121), ഷെയ്ന്‍ തോമസ് (586 825 1346).