ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിന് ആദ്യ കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ്

09:33 am 9/11/2016

– പി. പി. ചെറിയാന്‍
Newsimg1_41040992
ന്യൂജഴ്‌സി: കര്‍ദ്ദിനാള്‍ ജോസഫ് ഡബ്ല്യു. ടോബിനെ(64) ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പായി പോപ്പ് ഫ്രാന്‍സിസ് നിയമിച്ചു. നവംബര്‍ 7ന് വത്തിക്കാന്‍ പ്രതിനിധിയാണ് നിയമനം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യാന പൊലീസ് ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിക്കുന്ന ജോസഫ് ടോബിനെ ഈയ്യിടെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

ന്യുവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ജെ. മെയേഴ്‌സ് റിട്ടയര്‍ െചയ്യുന്ന ഒഴിവിലേക്കാണ് ജോസഫ് ടോബിനെ നിയമിച്ചിരിക്കുന്നത്. 1.2 ബില്യണ്‍ കത്തോലിക്ക വിശ്വാസികളുളള ന്യുവാര്‍ക്ക് ഡയോസിസിന്റെ ആറാമത്തെ ആര്‍ച്ച് ബിഷപ്പും പ്രഥമ കര്‍ദ്ദിനാളുമാണ് ജോസഫ് ടോബിന്‍. അമേരിക്കന്‍ ഡയോസിസുകളില്‍ അംഗസംഖ്യയില്‍ ആറാം സ്ഥാനമാണ് ന്യുവാര്‍ക്കിന്. അമേരിക്കയില്‍ നിന്നും മൂന്ന് പേര്‍ ഉള്‍പ്പെടെ പതിനേഴ് പേരെയാണ് പോപ്പ് ഫ്രാന്‍സിസ് ഈയ്യിടെ കര്‍ദ്ദിനാള്‍ പദവിയേയ്ക്കുയര്‍ത്തിയത്. ഇവരുടെ സ്ഥാനാരോഹണം ഈ മാസം ഒടുവില്‍ വര്‍ത്തിക്കാനില്‍ വെച്ചു നടത്തപ്പെടും.

ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരായ കത്തോലിക്കര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കില്ല എന്ന പ്രഖ്യാപനം നടത്തുക വഴി സ്ഥാനം ഒഴിയുന്ന ആര്‍ച്ച് ബിഷപ്പ് വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹത്തിനെതിരേയും ശക്തമായ നിലപാടകള്‍ സ്വീകരിച്ച ആര്‍ച്ച് ബിഷപ്പ് റവ. വാറന്‍ ഹാളിനെ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചതിന്റെ പേരില്‍ സഭാ ശുശ്രൂഷയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

ആര്‍ച്ച് ബിഷപ്പ് ടോബിന്‍ ഡിട്രോയിറ്റില്‍ നിന്നുളള മാതാപിതാക്കളുടെ പതിമൂന്ന് മക്കളില്‍ ഒരാളാണ്. 2012ലാണ് ഇന്ത്യാനാ പൊലീസ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. മാര്‍പാപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കര്‍ദ്ദിനാള്‍ ടോബിന്‍ അഞ്ചു വര്‍ഷം വത്തിക്കാനിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.