08:21 am 17/9/2016
ന്യൂജേഴ്സി: സമ്പല്‍സമൃദ്ധിയുടെയും ഒരുമയുടെയും സമന്വയമായ ഓണാഘോഷത്തിന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ കേളികൊട്ടുയരുന്നു. ന്യൂജേഴ്സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ ഓണാഘോഷം. അങ്ങുദൂരെ ജന്മനാട്ടില് ഉറ്റവരും ഉടയവരും ഓണാഘോഷത്തിന്റെ തിമിര്‍പ്പിലാകുമ്പോള്‍ ഇവിടെ ന്യൂജേഴ്സിയില്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വമുയര്‍ത്തി വന്ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയാണ്. മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി (മഞ്ച്), കേരള കള്‍ച്ചറല്‍ ഫോറം (കെഎസ്എഫ്), നാമം എന്നീ സംഘടനകള്‍ ഇതാദ്യമായി സംയുക്തമായാണ് വന്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. സെപ്റ്റംബര്‍ പതിനെട്ടിന് ഞായറാഴ്ച ബര്‍ഗന്‍ഫീല്‍ഡിലുള്ള കോണ്‍ലോണ്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍.
ഓണത്തിന്റെ തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നൃത്തനൃത്യങ്ങളും പരമ്പരാഗത ഓണച്ചമയങ്ങളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും. വൈകുന്നേരം അഞ്ചിന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ഓണാഘോഷപരിപാടിയില്‍ ന്യൂജേഴ്സിയിലെ പ്രമുഖ സംഘടനാനേതാക്കളും ന്യൂജേഴ്സിയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകളും പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ റീവാ ഗാംഗുലി ദാസ് ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. താലപ്പൊലിയേന്തിയ 101 മലയാളിപ്പെണ്കുട്ടികള്, മുത്തുക്കുടകള്‍, ചെണ്ടവാദ്യമേളങ്ങള്, ഓണച്ചമയം എന്നിവയുടെ അകമ്പടിയോടെ മുഖ്യാതിഥിയെ വേദിയിലേയ്ക്ക് ആനയിക്കുന്നതോടെ ഓണാഘോഷങ്ങള്‍ക്കു തുടക്കമാകും. റോക്ക്ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ ആനിപോള്‍, ടെഡസ്കോ ബര്‍ഗന്‍ കൗണ്ടി മേയര്‍ ജയിംസ്. ജെ, ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് പോള്‍ കറുകപ്പള്ളി, ബര്‍ഗന്‍കൗണ്ടി ഉദ്യോഗസ്ഥര്‍, ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി അസോസിയേഷന് തുടങ്ങിയ ദേശീയ-അന്താരാഷ്ട്ര സംഘടനകളും ട്രൈസ്റ്റേറ്റിലെ നേതാക്കളും പ്രതിനിധികളും ഈ വന്‍ ഓണാഘോഷ കൂട്ടായ്മയില്‍ പങ്കെടുക്കും. ജനപ്രാതിനിധ്യംകൊണ്ട് ന്യൂജേഴ്സിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംയുക്ത ഓണാഘോഷപരിപാടി സംഘടിപ്പിക്കുന്നതെന്ന് ആഘോഷപരിപാടികള്‍ ചുക്കാന്‍ പിടിക്കുന്ന സംഘടനാനേതാക്കള്‍ പറഞ്ഞു.
ജാതിമത-രാഷ്ട്രീയ ഭേദമന്യേ ഒരുമയുടെ കൂട്ടായ്മയായി അമേരിക്കന്‍ പ്രവാസി മലയാളികളുടെ ഓര്‍മയില്‍ നിലനിര്‍ത്തുന്ന ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചരിത്രസംഭവമായിരിക്കും ഈ ഓണമെന്ന് സംയുക്ത ഓണാഘോഷം എന്ന ആശയം മുന്നോട്ടുവച്ച മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ഇവിടെ എല്ലാ അസോസിയേഷനുകളുടെയും മതസംഘടനകളുടെയും അതിര്‍വരമ്പുകളില്ലാതെ ഒരു കുടക്കീഴില് ഓണാഘോഷം നടത്തുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളിലേയും നേതാക്കളും ബിസിനസ് രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ടെന്ന് നാമം സ്ഥാപകനേതാവ് മാധവന് ബി. നായരും കെ.സി.എഫ് സ്ഥാപകനേതാവ് ടി.എസ്. ചാക്കോയും പറഞ്ഞു.
കേരളത്തിന്റെ തനത് നൃത്തകലാരൂപമായ തിരുവാതിരയോടെ ആരംഭിക്കുന്ന കലാപരിപാടികളില്‍ ചെണ്ടവാദ്യം, മൂന്നുസംഘടനകളുടെ വ്യത്യസ്തമായ നൃത്തനൃത്യങ്ങള്‍, ഓണപ്പാട്ട്, കൈകൊട്ടിക്കളി എന്നിങ്ങനെ വിവിധ പരമ്പരാഗത കലാരൂപങ്ങളും പ്രമുഖ ഹാസ്യകലാകാരന്മാരായ സാബു തിരുവല്ല, കലാഭവന്‍ ജയന് എന്നിവരുടെ ഹാസ്യപരിപാടിയും ഉണ്ടാകും. കൂടാതെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വില്യം ഐസക്കിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഓണാഘോഷത്തിന് പൊലിമ കൂട്ടും.
വരുംവര്‍ഷങ്ങളില്‍ ന്യൂജേഴ്സിയില്‍ മലയാളികള്‍ക്ക് ഒരൊറ്റ ഓണാഘോഷത്തിനായി “മലയാളി പ്രവാസികള്‍ക്ക് ഒരോണം” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷം മഞ്ച്, കെസിഎഫ്, നാമം എന്നീ സംഘടനകള്‍ മുന്‍കൈയെടുത്ത് ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വന്‍പ്രതികരണമാണ് ഈ ഓണാഘോഷപരിപാടികള്‍ക്ക് ലഭിച്ചുവരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഓണാഘോഷം വന്‍ വിജയമാക്കി മാറ്റാന്‍ നൂറുകണക്കിന് പേരെ ഉള്‍പ്പെടുത്തി നിരവധി കമ്മിറ്റികള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചുവരികയാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതായിരിക്കും.
എല്ലാവരേയും ഈ പരിപാടിയിലേയ്ക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി, ബോര്‍ഡ് ഓഫ് ടെസ്റ്റി ചെയര്മാന് ഷാജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഉമ്മന്‍ ചാക്കോ, സെക്രട്ടറി സുജ ജോസ്, ട്രഷറര്‍ പിന്റോ ചാക്കോ, മഞ്ച് കള്‍ച്ചറല്‍ സെക്രട്ടറി ഷൈനി രാജു, കെ.സി.എഫ് രക്ഷാധികാരി ടി.എസ്. ചാക്കോ, പ്രസിഡന്റ് ദാസ് കണ്ണമ്പള്ളി, സെക്രട്ടറി ദേവസി പാലാട്ടി, വൈസ് പ്രസിഡന്റ് എല്‍ദോ പോള്‍, കള്‍ച്ചറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട്, ജോയിന്റ് സെക്രട്ടറി ആന്റണി കുര്യന്, നാമം രക്ഷാധികാരി മാധവന് ബി. നായര്‍, പ്രസിഡന്റ് ഗീതേഷ് തമ്പി, സെക്രട്ടറി സജിത് ഗോപിനാഥ്, ട്രഷറര്‍ ആശ കോപിനാഥ്, നാമം കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ തുടങ്ങിയവര്‍ സംയുക്തമായി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ളെയര്‍ കാണുക.
Address: Conlon Hall,
Behind St. John’s Evangelical Catholic Church,
19, North William Street,
Bergenfield, NJ 07621