ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു –

08:31 am 18/12/2016
പോള്‍ ഡി. പനയ്ക്കല്‍
Newsimg1_53380143
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് അതിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തെക്കുള്ള പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. ഫ്‌ളോറല്‍ പാര്‍ക്കിലെ കേരളാ കിച്ചണില്‍ നടന്ന ക്രിസ്മസ് ആഘോഷവേളയിലാണ് പുതിയ സമിതിയുടെ സ്ഥാപന ചടങ്ങിനു വേദിയായത്.

രണ്ടുവര്‍ഷക്കാലം അസോസിയേഷനെ നയിച്ച പ്രസിഡന്റ് ഉഷാ ജോര്‍ജ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ അഭിമാനത്തോടെ ഉപഹരിച്ചു. സെക്രട്ടറിയായി പ്രവര്‍ത്തിച്ച പുതിയ പ്രസിഡന്റിനെ ചുമതലയേല്‍ക്കുന്ന മേരി ഫിലിപ്പ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ക്രിസ്റ്റല്‍ ഷാജന്‍ ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തോടെ ആഘോഷപരിപാടി ആരംഭിച്ചു. ദീപ്തി നായര്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു.

ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാന്‍ ബാരി ഗ്രോഡെന്‍ചിക്ക് മുഖ്യാതിഥിയായിരുന്നു. വളരെയധികം മലയാളികള്‍ താമസിക്കുന്ന തന്റെ ഡിസ്ട്രിക്ടിറ്റിലും ന്യൂയോര്‍ക്കിലെ മറ്റു പ്രദേശങ്ങളിലും മലയാളി നഴ്‌സുമാര്‍ ചെയ്യുന്ന ത്യാഗപൂര്‍ണ്ണമായ സേവനങ്ങളേയും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളേയും കോണ്‍സില്‍മാന്‍ ഗ്രോഡെന്‍ചിക് വളരെ ബഹുമാനപൂര്‍വ്വം സ്മരിക്കുകയും വിലമതിക്കുകയും ചെയ്തു. ദേശീയ തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായി റിപ്പോര്‍ട്ടുകളില്‍ കാണുന്ന വെള്ളമേല്‍ക്കോയ്മക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നൂറ്റിമുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ കുടിയേറിയവരാണ് തന്റെ പൂര്‍വ്വികര്‍. അന്നും ഇന്നും അമേരിക്കന്‍ സ്വപ്നങ്ങളുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ന്യൂയോര്‍ക്കില്‍ ജനങ്ങള്‍ എത്തിച്ചേരുകയും അമേരിക്കയുടെ പുരോഗതിയുടെ ഭാഗമാകുകയും ചെയ്യുന്നു. അവരെ സംരക്ഷിക്കുവാനുള്ള കടമ ന്യൂയോര്‍ക്ക് നഗരത്തിനുണ്ട്. ആ കടമ നിറവേറ്റുവാന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലും മേയറും ബദ്ധശ്രദ്ധരാണെന്ന് കൗണ്‍സില്‍മാന്‍ പറഞ്ഞു.

സാമൂഹ്യ സംഘടനാ നേതൃത്വങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലീല മാരേട്ട്, വിനോദ് കെയാര്‍കെ, ബഞ്ചമിന്‍ ജോര്‍ജ്, ഡോ. ജോസ് കാനാട്ട് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഇന്ത്യയില്‍ നിന്ന് ഇവിടെയെത്തുന്ന നഴ്‌സുമാര്‍ക്ക് NCLEX പരീക്ഷയ്ക്ക് ഒരു ട്രെയിനിംഗ് സെന്റര്‍ തുടങ്ങുവാന്‍ ഡോ. കാനാട്ട് നഴ്‌സസ് അസോസിയേഷനോട് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ നിന്ന് ടെക്‌സസിലും ഷിക്കാഗോയിലും പോയി താമസിച്ച് ട്രെയിനിംഗ് എടുത്ത് പരീക്ഷ എഴുതുന്നവരുടെ ബുദ്ധിമുട്ടുകള്‍ ആവിധത്തില്‍ ഒഴിവാക്കുവാന്‍ നഴ്‌സസ് അസോസിയേഷന് കഴിയും. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററുമായ ഡോ. ആനി പോള്‍ എല്ലാവര്‍ക്കും ക്രിസ്മസ് സന്ദേശം നല്‍കി.

കഴിഞ്ഞ പ്രവര്‍ത്തന കാലഘട്ടത്തില്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനത്തെ അംഗീകരിച്ച് ഉഷാ ജോര്‍ജ്, മേരി ഫിലിപ്പ്, സാറാമ്മ തോമസ് എന്നിവര്‍ക്ക് ഫലകങ്ങള്‍ നല്‍കി. ക്രിസ്റ്റല്‍ ഷാജന്‍ നൃത്തപ്രകടനം നടത്തി. ലീലാമ്മ അപ്പുക്കുട്ടന്‍ നന്ദി പ്രകാശിപ്പിച്ചു.