ന്യൂയോര്‍ക്ക് സ്‌ഫോടന കേസില്‍ അറസ്റ്റിലായ ആള്‍ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി

02:33 pm 21/9/2016

പി. പി. ചെറിയാന്‍

unnamed

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സ്‌ഫോടന കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അഹമ്മദ് ഖാന്‍ റഹമി 2014ല്‍ സ്വന്തം സഹോദരിയെ അക്രമിക്കുവാന്‍ ശ്രമിച്ച കേസില്‍ രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി.

തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് അറസ്റ്റിലായതിനു ശേഷം സഹോദരി ഫേസ് ബുക്കിലൂടെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുപത്തിയെട്ട് വയസുളള അഹമ്മദ് ഖാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കന്‍ പൗരത്വം ലഭിച്ച അഹമ്മദ് ഖാന്‍ അടുത്തയിടെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഔദ്യോഗിക രേഖകളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും നടന്ന സ്‌ഫോടനങ്ങളുടെ പിന്നില്‍ ഒരാള്‍ തന്നെയാണെന്നു നേരത്തെ പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് ന്യൂജഴ്‌സിയിലെ ഒരു ബാര്‍ ഹാള്‍വെയില്‍ കിടന്നുറങ്ങിയിരുന്ന അഹമ്മദ് ഖാനെ പൊലീസ് വളഞ്ഞു പിടിച്ചത്. തുടര്‍ന്നുനടന്ന വെടിവെപ്പില്‍ പരുക്കേറ്റ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.