ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ വിജയം.

03:38 PM 30/1/2017

download (3)
ഓക്ലന്‍ഡ് : ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് ഓസീസിനെതിരേ നേടിയത്.ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒന്‍പത് വിക്കറ്റിന് 286 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 147/7 എന്ന നിലയിലേക്ക് ഒരുവേള കൂപ്പുകുത്തിയിരുന്നു.
എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ സ്റ്റോയിന്‍സിന്റെ ഒറ്റയാള്‍ പോരാട്ടം അവരെ വിജയത്തിന് ആറ് റണ്‍സ് അകലെ വരെ എത്തിച്ചു. 117 പന്തില്‍ 146 റണ്‍സ് നേടിയ സ്റ്റോയിന്‍സ് ഓസീസ് പരാജയപ്പെടുമ്ബോഴും അപരാജിതനായി ഒരറ്റത്ത് നിന്നു.
മൂന്ന് ഓവര്‍ ബാക്കിനില്‍ക്കുമ്ബോഴാണ് ഓസീസ് ഓള്‍ഔട്ടാകുന്നത്. പതിനൊന്നാമന്‍ ജോഷ് ഹേസില്‍വുഡിനെ സ്ട്രൈക്കില്‍ നിന്നൊഴിവാക്കാന്‍ സ്റ്റോയിന്‍സ് സിംഗിളിന് ശ്രമിച്ചതാണ് അവസാന വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്.
കരിയറില്‍ 35ാം മത്സരം കളിക്കുന്ന ഹേസില്‍വുഡ് ഏകദിനത്തില്‍ ആദ്യമായാണ് പുറത്താകുന്നത്. തോല്‍വിയിലും സ്റ്റോയിന്‍സ് മാന്‍ ഓഫ് ദ മാച്ചായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് നീല്‍ ബ്രൂം (73), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ നേടിയത്. 45 പന്തില്‍ 48 റണ്‍സ് നേടിയ ജയിംസ് നീഷവും ബാറ്റിംഗില്‍ തിളങ്ങി. ബൗളിംഗിലും ഓസീസിന് വേണ്ടി തിളങ്ങിയ സ്റ്റോയിന്‍സ് മൂന്ന് കിവീസ് വിക്കറ്റുകള്‍ പിഴുതു.