പതിനൊന്നാമത് നെഹ്‌­റു ട്രോഫി ജലമേള മയാമിയില്‍

– ജോയി കുറ്റിയാനി
Newsimg1_52775014
മയാമി: ജന്മനാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വിസ്മയം വിരിയിച്ചുകൊണ്ട് കേരള സമാജം ഓഫ് സൗത്ത് ഫ്‌­ളോറിഡ അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്ചവയ്ക്കുന്ന “പതിനൊന്നാമത് സൗത്ത് ഫ്‌­ളോറിഡ നെഹ്‌­റു ട്രോഫി വള്ളംകളി’ മത്സരത്തിന് ആരവമുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഫോര്‍ട്ട് ലൗഡര്‍ ഡേയിലെ­ ഹോളിവുഡ് നഗരത്തിലെ റ്റി.വൈ. പാര്‍ക്കിലെ 85 ഏക്കറോളം വരുന്ന വിശാലമായ തടാകത്തിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് ശരവേഗത്തില്‍ ആവേശതിരയിളക്കി ‘സൗത്ത് ഫ്‌­ളോറിഡ നെഹ്‌­റു ട്രോഫിയില്‍’ മുത്തമിടുവാന്‍ 8 ടീമുകള്‍ കച്ചമുറുക്കി ഈ ജലമാമാങ്കത്തിനെത്തുന്നു.

കേരളത്തിലെ പ്രസിദ്ധമായ ചുണ്ടന്‍, ചുരുളന്‍ വള്ളങ്ങളില്‍ തുഴ എറിഞ്ഞ് അമരം പിടിച്ച അനേകം വിദഗ്ദ്ധര്‍ വീറും വാശിയുമേറിയ ഈ ജലമാമാങ്കത്തിനെത്തുന്നു. ന്യൂയോര്‍ക്ക് മുതല്‍ മയാമി വരെയുള്ള വള്ളംകളി പ്രേമികള്‍ ഒരുമിച്ചു കൂടുമ്പോള്‍ ഈ മത്സരത്തിന്റെ ആവേശം വാനംമുട്ടെ ഉയരുമെന്ന് കേരളസമാജം പ്രസിഡന്റ് ജോസ്‌­മോന്‍ കരേടന്‍ പറഞ്ഞു.

രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനായ ഭാരത് ബോട്ട് ക്ലബ്ബ്, ന്യൂയോര്‍ക്ക്; സിബിള്‍ ഫെലിക്‌­സ് ക്യാപ്റ്റനായുള്ള എം.എ.സി.എഫ്. താമ്പചുണ്ടന്‍; ജോര്‍ജ്ജ് സെബാസ്റ്റിയന്‍ ക്യാപ്റ്റനായ കേരള ഡ്രാഗന്‍സ്; ബിഷിന്‍ ജോസഫ് ക്യാപ്റ്റനായുള്ള മാറ്റ് (MAT) റ്റാമ്പാ; ജോബി എബ്രാഹം ക്യാപ്റ്റനായുള്ള ഡ്രം ലൗവേഴ്‌­സ്; ഗുഡ് വിന്‍ പോറത്തൂര്‍ ക്യാപ്റ്റനായുള്ള മയാമി ചുണ്ടന്‍; ജുബിന്‍ കുളങ്ങര ക്യാപ്റ്റനായുള്ള ക്‌­നാനായ ചുണ്ടന്‍; പ്രഭാകര്‍ രാമലിംഗം ക്യാപ്റ്റനായുള്ള സൗത്ത് ഫ്‌­ളോറിഡ തമിഴ്‌­സംഘം എന്നീ പുരുഷ ടീമുകള്‍ക്കു പുറമെ താമ്പ വനിത ടീമും മയാമി വനിത ടീമും ഈ മത്സരത്തില്‍ മാറ്റുരയ്ക്കും.

ഈ മത്സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറും, എവര്‍ റോളിംങ്ങ് ട്രോഫി: നെഹ്‌­റു ട്രോഫിയും; രണ്ടാം സമ്മാനം ആയിരത്തിയൊന്ന് ഡോളറും ട്രോഫിയുമാണ് നല്‍കുന്നത്.

അര കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടു ട്രാക്കിലൂടെയാണ് മത്സരം നടത്തുന്നത്. സമയം മാനദണ്ഡമാക്കിയാണ് ഹീറ്റ്‌­സ് മത്സരം നടത്തുന്നതെങ്കില്‍ സെമിഫൈനലും, ഫൈനല്‍ മത്സരങ്ങളും, ഫോട്ടോ ഫിനിഷിംഗിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. അമേരിക്കന്‍ പാഡിലേഴ്‌­സ് അസോസിയേഷന്റെ അമ്പയര്‍മാരാണ് ഈ മത്സരം നിയന്ത്രിക്കുന്നത്.

ഡ്രോണ്‍ ക്യാമറ സംവിധാനം വഴി സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍ ഫിനിഷിംഗ് പോയിന്റു വരെയുള്ള മത്സരങ്ങള്‍ വലിയ ടി.വി. സ്­ക്രീനില്‍ കാണത്തക്കവിധത്തില്‍ ഈ വര്‍ഷം ക്രമീകരിച്ചിട്ടുണ്ടെന്ന് വള്ളംകളി മത്സരകമ്മിറ്റി ചെയര്‍മാന്‍ പീറ്റോ സെബാസ്റ്റിയനും, കമ്മിറ്റി അംഗങ്ങളായ റോബിന്‍സ് ജോസ്; പത്മകുമാര്‍ കെ.ജി, സുധീഷ് പി.കെ. തുടങ്ങിയവര്‍ അറിയിച്ചു.

വള്ളംകളി മത്സരത്തിനു ശേഷം റ്റി.വൈ.പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അത്യന്തം വാശിയേറിയ പ്രൊഫഷ്ണല്‍ വടംവലി മത്സരം നടത്തപ്പെടും. ഹൂസ്റ്റണ്‍, ഷിക്കാഗോ, താമ്പ, മയാമി, ഫോര്‍ട്ട് ലൗഡര്‍ ഡെയില്‍ തുടങ്ങിയ ആറു ടീമുകള്‍ ഈ മത്സരത്തില്‍ ഏറ്റുമുട്ടും.

ഒന്നാം സമ്മാനം രണ്ടായിരത്തിയൊന്ന് ഡോളറും, രണ്ടാം സമ്മാനം എഴുന്നൂറ്റി അമ്പത് ഡോളറുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

കേരളസമാജത്തിന്റെ ഈ ജലമാമാങ്കത്തോടനുബന്ധിച്ച്, കേരള സാംസ്­കാര തനിമ വിളിച്ചോതുന്ന വാദ്യമേളാഘോഷങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്­കാരിക ഘോഷയാത്ര, കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും വിനോദമത്സരങ്ങളും, കപ്പ മുതല്‍ ബാര്‍ബിക്കു ഫിഷ് വരെയുള്ള വിവിധ ഫുഡ് സ്റ്റാളുകളും തട്ടുകടയും ഒരുക്കിയിട്ടുണ്ടെന്ന് കേരളസമാജം സെക്രട്ടറി നോയല്‍ മാത്യു അറിയിച്ചു.

ഈ പതിനൊന്നാമത് ജലമേളയുടെ ഒരുക്കങ്ങള്‍ക്കായി കേരള സമാജം കമ്മിറ്റിയും, വിവിധ സബ് കമ്മിറ്റികളും അവിരാമം പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് മലയാളികള്‍ നെഞ്ചിലേറ്റിയ ഈ ജലമാമാങ്കത്തിലേയ്ക്ക് മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍­അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും വലിയൊരു ജനാവലിയെ റ്റി.വൈ പാര്‍ക്കിലേക്ക് പ്രതീക്ഷിക്കുന്നു.