പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് ഇന്ത്യ ഭീകരന്‍

12.03 AM 18-05-2016

പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് യുപിഎ ഭരണകാലത്ത് ഇന്ത്യ മോചിപ്പിച്ച ജയ്ഷ്-ഇ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ പാക് ഭീകരനാണെന്ന് അന്വേഷണ സംഘം. ജയ്ഷ്-ഇ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവ് ഷാഹിദ് ലത്തീഫാണ് (47) പത്താന്‍കോട് ആക്രമണത്തിനു സഹായം നല്‍കിയതെന്നാണ് എന്‍ഐഎ വെളിപ്പെടുത്തിയത്.
മയക്കുമരുന്ന്, ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുവില്‍നിന്നും 1996 ലാണ് ലത്തീഫിനെ അറസ്റ്റ് ചെയ്യുന്നത്. 2010 ല്‍ ലത്തീഫിനെ ഇന്ത്യ മോചിപ്പിക്കുകയും ചെയ്തു. ലത്തീഫിനൊപ്പം അന്ന് 20 തീവ്രവാദികളും പഞ്ചാബിലെ വാഗാ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലെത്തി. ശിക്ഷാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.
ജയ്ഷ്-ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറായിരുന്നു പത്താന്‍കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍. ഭീകരര്‍ക്ക് സഹായം ചെയ്തു നല്‍കിയത് ലത്തീഫും. നാലു പാക് ഭീകരരാണ് വ്യോമ താവളത്തില്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഭീകരരും ഏഴു സൈനികരും കൊല്ലപ്പെടുകയും ചെയ്തു.