പന്ത്രണ്ടുക്കാരിയെ പീഡിപ്പിച്ച് കേസ്സില്‍ : പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്

-07:42pm 01/3/2016
Prathi

തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും വലിയ ശിക്ഷ വിധിച്ചു. തൃശൂര്‍ പീച്ചിയില്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഇരക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്.

പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലിലാണ് പള്ളിയില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി വിവരം അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പൊലീസിനും കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കൂട്ടുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും പാസ്റ്റര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തായത്. പട്ടിക വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്കെതിരെ പീച്ചി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.