പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം

12.32 AM 08-07-2016
Logo_of_Corporation_of_Cochin
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി സ്വകാര്യ കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. കുന്നംകുളം സ്വദേശി ജോണ്‍സണാണ് ഏജന്റുമാരെവച്ച് തട്ടിപ്പ് നടത്തിയത്. സെമിത്തേരി മുക്കിലെ ഇയാളുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കോര്‍പ്പറേഷന്റെ പേരിലുള്ള സീലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നോര്‍ത്ത് പൊലിസ് പിടിച്ചെടുത്തു.
കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ പരസ്യ നികുതി പിരിക്കുന്നതിന് പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കി പ്ലസ്ടു മുതല്‍ ബിരുദാനന്തര ബിരുദമുള്ള യുവതികള്‍ ഉള്‍പ്പെടെ 25ഓളം പേരെ ജൂണില്‍ നിയമിച്ചായിരുന്നു തട്ടിപ്പ്. കോര്‍പ്പറേഷന്‍ വിജ്ഞാപനത്തില്‍ സൂചിപ്പിച്ച താരിഫിലും മൂന്നിരട്ടിയാണ് പരസ്യ നികുതി വാങ്ങിപ്പിച്ചത്. മൂന്നാഴ്ചക്കുള്ളില്‍ പത്ത് ലക്ഷത്തോളം രൂപ ഇത്തരത്തില്‍ പിരിച്ചെടുത്തു. രസീതില്‍ സീലു വയ്‌ക്കേണ്ടത് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നാണ്. ഈ സീല്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നുവെന്ന് പൊലിസ് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
2013-14ല്‍ ഒരു കോടിയിലധികം രൂപയ്ക്ക് കോര്‍പ്പറേഷന്‍ നേരിട്ട് നടത്തിയ പരസ്യ നികുതി പിരിവ് ഇത്തവണ 41 ലക്ഷം രൂപയ്ക്കാണ് ജോണ്‍സണ് കരാര്‍ നല്‍കിയത്. ഇത് കോര്‍പ്പറേഷന്‍ ഭരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയായിരുന്നുവെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുകയും ഭീഷണിപ്പെടുത്തി ശമ്പളം തടയുകയും ചെയ്തതിന് ജോണ്‍സണിനെതിരെ നോര്‍ത്ത് പൊലിസ് കേസെടുത്തു. പരസ്യ നികുതിയിനത്തില്‍ കോര്‍പ്പറേഷനുണ്ടായ കോടികളുടെ നഷ്ടത്തെക്കുറിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുമെന്നും പൊലിസ് പറഞ്ഞു.
വിവിധ ജില്ലകളില്‍ നിന്നുള്ള 25ഓളം ഉദ്യോഗാര്‍ഥികളെയാണ് പരസ്യ നികുതി ശേഖരിക്കാനായി നിയമിച്ചത്. മാസം 10, 000 രൂപയും ഡി.എയും താസമ സൗകര്യവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി. വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ പിടിച്ചുവച്ചു. കോര്‍പ്പറേഷന്റെ ജോലിയാണെന്ന് വിശ്വസിപ്പിക്കാനായി സര്‍ട്ടിഫിക്കറ്റുകളും കൗണ്‍സിലര്‍മാരുടെയും പള്ളി വികാരികളുടെയും സാക്ഷ്യപത്രങ്ങളും ഫോട്ടോയും വാങ്ങിപ്പിച്ചു. പരിശോധന കഴിഞ്ഞും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നല്‍കുന്ന രസീതില്‍ ഉദ്യോഗാര്‍ഥികളുടെ ഒപ്പും ഫോണ്‍ നമ്പറുമാണ് എഴുതാന്‍ പറഞ്ഞിരുന്നത്. കൂടാതെ കോര്‍പ്പറേഷന്‍ പരസ്യ വിഭാഗത്തില്‍ നിന്നും വരുന്നവരാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചതായും ഉദ്യോഗാര്‍ഥികള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
പരസ്യ നികുതി പിരിക്കുന്നതിനുള്ള ലൈസന്‍സ് ജോണ്‍സന്റെ ഭാര്യ ഷാനി ജോണ്‍സന്റെ പേരിലാണ്. എന്നാല്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ജോണ്‍സണായിരുന്നു. വിദ്യാഭ്യാസ രേഖകള്‍ തിരികെ ചോദിക്കാന്‍ ശ്രമിച്ചതോടെ ഓരോരുത്തരെയായി പിരിച്ചുവിട്ടു. ദിവസവും ലക്ഷത്തിലധികം രൂപ ഇവരെക്കൊണ്ട് പിരിച്ചെടുത്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉദ്യോഗാര്‍ഥികള്‍ പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. തൃശൂര്‍, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്. ശമ്പളവും ഡി.എയും നല്‍കാതെയാണ് പിരിച്ചുവിട്ടത്. താമസ സൗകര്യം നല്‍കിയില്ല. ജോലിയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായതോടെ സ്ത്രീകളുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായി.