മത്തിയുടെ ക്ഷാമം: ഈ വര്‍ഷം 150 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി പഠനം

12.28 AM 08-07-2016
Indian-Herring-Mathi-Chala-min
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മത്തിയിലുണ്ടായ ഗണ്യമായ കുറവ് മൂലം 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. മത്തിയുടെ ക്ഷാമം മൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍ കുറയുകയും മത്തിയുടെ വിലയില്‍ 60 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ സി എം എഫ് ആര്‍ ഐ യില്‍ വിളിച്ചു ചേര്‍ത്ത, ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത യോഗത്തിലാണ് മത്തിയുടെ കുറവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് സി.എം.എഫ്.ആര്‍.ഐ മന്ത്രിക്ക് സമര്‍പ്പിച്ചത്.
മത്തിയുടെ ലഭ്യത കുറയുന്നതിനുള്ള കാരണങ്ങളും സി.എം.എഫ്.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. അതിരു കടന്നുള്ള മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് തുടങ്ങിയവയാണ് ജനകീയ മത്സ്യമായ മത്തി കുറയുന്നതിനുള്ള പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. 2010-12 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മത്തി കുറയുന്നതിന് ഒരു പ്രധാന കാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മത്തിയുടെ ലഭ്യതയില്‍ ഈ വര്‍ഷം വര്‍ധനവിന് സാധ്യതയില്ലെന്നും സി.എം.എഫ്.ആര്‍.ഐയിലെ ഫിഷറി എണ്‍വയണ്‍മെന്റ് ആന്റ് മാനേജ്‌മെന്റ് ഡിവിഷന്‍ മേധാവി ഡോ.വി കൃപയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലുണ്ട്. കുഞ്ഞുമത്സ്യങ്ങളെ പിടിക്കുന്നതിലുള്ള നിരോധനം കൂടുതല്‍ ശക്തമാക്കണമെന്നും മത്സ്യബന്ധന വലയുടെ നീളവും ആഴവും കുറയ്ക്കുന്നതിനും മറ്റ് കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും സി.എം.എഫ്.ആര്‍.ഐ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഫിഷറീസ് മേഖലയുടെ വികസനത്തിന് ഏത് തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സി.എം.എഫ്.ആര്‍.ഐ ഒരുക്കമാണെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസത്രവിദ്യകള്‍ യഥാസമയം മത്സ്യത്തൊഴിലാളികളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം കൊണ്ടുവരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ ഗവേഷണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു. ട്രോളിംഗ് നിരോധനത്തോടൊപ്പം തന്നെ അനുബന്ധമായി നടപ്പിലാക്കേണ്ട മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള വീഴ്ചയാണ് മത്സ്യമേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് കാരണം. മത്സ്യബന്ധന രീതി, ബോട്ട്, മത്സ്യബന്ധന ദൂരപരിധി, മത്സ്യകൃഷി, തീരദേശ പരിപാലനം, മത്സ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.എം.എഫ്.ആര്‍.ഐ, സി .എ.എഫ്.ടി, എന്‍.ബി.എഫ്.ജി.ആര്‍, കെ.വി.കെ, സിഫ്‌റി, കുഫോസ്, എന്‍.ഐ.ഒ, സിഫ്‌നെറ്റ്, എം.പി.ഇ.ഡി.എ, സി.എം.എല്‍.ആര്‍.ഇ, എഫ്.എസ്.ഐ, നിഫാറ്റ്, ആര്‍.ജി.സി.എ, കെ.വി.കെ, സിഫ്‌റി, എന്നീ സ്ഥാപനങ്ങളിലെ മേധാവികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഫിഷറീസ് സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും സാഫ് എക്‌സിക്ക്യുട്ടീവ് ഡയറക്ടര്‍ സി.ആര്‍ സത്യവതി നന്ദിയും പറഞ്ഞു.