പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

09:38 AM 01/10/2016
download (1)
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ തലവരി വാങ്ങുന്നെന്ന ആക്ഷേപം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. തലവരി വാങ്ങല്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത വിജിലന്‍സ് അന്വേഷിക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍െറ പക്കല്‍ തെളിവുണ്ടെങ്കില്‍ കൈമാറിയാല്‍ അതും വിജിലന്‍സിന് കൈമാറും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മറുപടിയായി അദ്ദേഹം അറിയിച്ചു.

തലവരിപ്പണം ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്വകാര്യ സ്വാശ്രയ കോളജുകള്‍ക്കൊപ്പം അതിലും ഉയര്‍ന്ന ഫീസ് നിരക്ക് മെറിറ്റ് സീറ്റില്‍ പരിയാരത്തേക്ക് നിശ്ചയിച്ചത് തിരുത്തണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാദിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. വന്‍ ബാധ്യതയോടെ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പരിയാരത്ത് ഇപ്രകാരം ചെയ്യേണ്ടിവന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സഹകരണ സ്ഥാപനമായതിനാല്‍ മറ്റ് സ്വകാര്യ കോളജുകളെപ്പോലെ പരിയാരം മാനേജ്മെന്‍റിന് പണമുണ്ടാക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഈ പ്രശ്നം ഉണ്ടാവില്ല. പരിയാരം ഉള്‍പ്പെടെ എല്ലാ കോളജുകളിലെയും 50 ശതമാനം സീറ്റില്‍ ഫീസ് ഏകീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 ലക്ഷം രൂപ ഫീസ് വാങ്ങി പ്രവേശം നടത്താന്‍ കെ.എം.സി.ടി മെഡിക്കല്‍ കോളജിന് ഹൈകോടതി നല്‍കിയ അനുമതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കാത്ത മൂന്നു കോളജുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശം പരിശോധിച്ച് തിരിമറിയുണ്ടെങ്കില്‍ അതെല്ലാം റദ്ദാക്കി സുപ്രീംകോടതി വിധിപ്രകാരം അലോട്ട്മെന്‍റ് നടത്തും. ഇവരുടെ അലോട്ട്മെന്‍റ് സുതാര്യമല്ളെന്നാണ് മനസ്സിലാക്കുന്നത്. അക്കാര്യം പരിശോധിക്കും. ഇക്കാര്യത്തില്‍ ജയിംസ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.