കേരളത്തിലെ മെഡിക്കല്‍ കൗണ്‍സലിങ് നീട്ടി

09:30 1/10/2016
images (5)

ന്യൂഡല്‍ഹി: ഇനിയും പ്രവേശം നല്‍കാത്ത സീറ്റുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശ നടപടികള്‍ക്ക് സുപ്രീംകോടതി ഈമാസം ഏഴുവരെ സമയം നീട്ടിനല്‍കി. കോഴിക്കോട് കെ.എം.സി.ടി കോളജിലെ 150ഉം തിരുവനന്തപുരം ഗോകുലം കോളജിലെ 100ഉം എം.ബി.ബി.എസ് സീറ്റുകളടക്കം അവശേഷിക്കുന്ന മുഴുവന്‍ സീറ്റുകളിലും നീറ്റ് റാങ്ക് പട്ടിക പ്രകാരം സംസ്ഥാന സര്‍ക്കാറിന്‍െറ കേന്ദ്രീകൃത കൗണ്‍സലിങ് നടക്കും.

സ്വാശ്രയ മാനേജ്മെന്‍റുകള്‍ നേരത്തേ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതില്‍നിന്ന് ഭിന്നമായി അവിചാരിതമായാണ് കേരളത്തില്‍ ഇനിയും പ്രവേശം നടത്താത്ത സീറ്റുകളുണ്ടെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ ബോധിപ്പിച്ചത്. കേരളത്തില്‍ എല്ലാ സീറ്റുകളിലും പ്രവേശ നടപടികള്‍ പൂര്‍ത്തിയായെന്ന് ബോധിപ്പിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നീറ്റ് നിയമത്തിന് വിരുദ്ധമായി സ്വാശ്രയ മാനേജ്മെന്‍റുകള്‍ ഇതിനകം നടത്തിയ കൗണ്‍സലിങ് നടപടികള്‍ തല്‍ക്കാലം റദ്ദാക്കുന്നില്ളെന്ന് സുപ്രീംകോടതി വിധിച്ചത്.

എന്നാല്‍, വെള്ളിയാഴ്ച സുപ്രീംകോടതി ചേര്‍ന്നപ്പോള്‍ ജസ്റ്റിസുമാരായ എ.കെ. സിക്രി, എന്‍.വി. രമണ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഹാജരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ കേരളത്തിലെ സ്വാശ്രയ കേസില്‍ സുപ്രീംകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധിയില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശയനുസരിച്ച് ഈ വര്‍ഷം കോഴിക്കോട് കെ.എം.സി.ടി കോളജിന് അനുവദിച്ച 150ഉം തിരുവനന്തപുരം ഗോകുലം കോളജിന് അനുവദിച്ച 100ഉം എം.ബി.ബി.എസ് സീറ്റുകളും ബാക്കിയായതില്‍പ്പെടും.