ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം.

09:29 am 1/10/2016
images (3)
തിരുവനന്തപുരം: സ്വാശ്രയ സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം. യു.ഡി.എഫ് സമരത്തിന് ജനസ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍ ന്യായമായ ഒത്തുതീര്‍പ്പില്ലാതെ സര്‍ക്കാറുമായി ഒത്തുതീര്‍പ്പ് വേണ്ടെന്നും മുന്നണിനേതൃത്വത്തില്‍ ധാരണയുണ്ട്. സ്വാശ്രയസമരം ബഹുജന മുന്നേറ്റമാക്കിയശേഷം നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിവരുന്ന അനിശ്ചിതകാലസമരം അവസാനിപ്പിക്കുന്ന കാര്യവും മുന്നണി പരിഗണിക്കുന്നു.

പ്രശ്നത്തില്‍ സമവായത്തിന് ശ്രമിക്കാതെ മുഖ്യമന്ത്രി ബോധപൂര്‍വം പിടിവാശി കാട്ടുന്നെന്ന പരാതി യു.ഡി.എഫില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ ഭരണപക്ഷത്തെ ചില കേന്ദ്രങ്ങള്‍ക്കും അതൃപ്തിയുണ്ട്. സമരം ചെയ്യുന്ന എം.എല്‍.എമാരെ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വെള്ളിയാഴ്ച സഭാസമ്മേളനത്തിനിടെ സന്ദര്‍ശിച്ചത് വിഷയത്തില്‍ അദ്ദേഹത്തിനുള്ള പ്രതിപത്തിയായാണ് പ്രതിപക്ഷം കാണുന്നത്. ഇക്കാര്യം വെള്ളിയാഴ്ച സഭയിലും പരോക്ഷമായി അവര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും സത്യഗ്രഹികളെ സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ മുന്നണിക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ്, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിക്കുന്ന സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.

ഇനി നിയമസഭ സമ്മേളിക്കുന്നത് തിങ്കളാഴ്ചയാണെങ്കിലും അതുവരെ എം.എല്‍.എമാര്‍ സഭാമന്ദിരത്തില്‍ നിരാഹാരം തുടരും. തിങ്കളാഴ്ച യു.ഡി.എഫ് യോഗം ചേര്‍ന്നശേഷം സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. നിയമസഭാ പ്രാതിനിധ്യമില്ലാത്ത യു.ഡി.എഫ് കക്ഷികള്‍ക്കുകൂടി സമരത്തില്‍ പങ്കാളിയാകാന്‍ ഇതിലൂടെ സാധിക്കും. കലക്ടറേറ്റുകള്‍ക്ക് മുന്നിലേക്കും സമരം വ്യാപിപ്പിക്കണമെന്ന ആവശ്യവുമുണ്ട്.

സമരം സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചശേഷം എം.എല്‍.എമാരെ സമരരംഗത്തുനിന്ന് പിന്മാറ്റാമെന്നാണ് നേതൃത്വം ആലോചിക്കുന്നത്. തിങ്കളാഴ്ചയോടെ സമരരീതി സംബന്ധിച്ച് വ്യക്തത കൈവരുത്തും. അതേസമയം, മുഖ്യമന്ത്രി പിടിവാശി തുടരുന്ന സാഹചര്യത്തില്‍ സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയും ചില നേതാക്കള്‍ക്കുണ്ട്.

നിയമസഭാ സ്തംഭനം തുടരുന്നു

തലവരി വാങ്ങുന്നില്ളെന്നൊന്നും പറയുന്നില്ല -മന്ത്രി ശൈലജ

സ്വാശ്രയപ്രശ്നത്തില്‍ നാലാംദിവസമായ വെള്ളിയാഴ്ചയും നിയമസഭ സ്തംഭിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചിട്ടും നടപടികളുമായി ഭരണപക്ഷം മുന്നോട്ടുപോയതോടെ യു.ഡി.എഫിലെ അന്‍വര്‍ സാദത്ത് സ്പീക്കറുടെ ഡയസില്‍ കയറിയെങ്കിലും സഹപ്രവര്‍ത്തകര്‍ ബലമായി പിന്തിരിപ്പിച്ചു. ഒടുവില്‍ സബ്മിഷന്‍ പൂര്‍ത്തിയാക്കി മറ്റ് നടപടികളിലേക്ക് പ്രവേശിക്കാതെ സഭ പിരിഞ്ഞു. മാനേജ്മെന്‍റുകള്‍ തലവരി വാങ്ങുന്നെന്നാരോപിച്ചാണ് അടിയന്തരപ്രമേയ ചര്‍ച്ചക്ക് വി.ടി. ബല്‍റാം അവതരണാനുമതി തേടിയത്. നോട്ടീസ് പരിഗണനക്കെടുത്തതുമുതല്‍ കടുത്ത വാദപ്രതിവാദമാണ് നടന്നത്. മറുപടി നല്‍കിയ മന്ത്രി കെ.കെ. ശൈലജ തലവരിപ്പണം വാങ്ങുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് പിന്നീട് നിലപാട് മാറ്റി. തലവരി ആവശ്യപ്പെടുന്ന ഓഡിയോ സീഡി പ്രതിപക്ഷനേതാവ് സഭയുടെ മേശപ്പറുത്തുവെച്ചു. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടുത്തളത്തിലിറങ്ങിയും കേരള കോണ്‍-എം വാക്കൗട്ട് നടത്തിയും പ്രതിഷേധിച്ചു.
കരാറിന്‍െറ പരിധിയില്‍ 20 കോളജുകളെ കൊണ്ടുവന്നതും സര്‍ക്കാര്‍ നിലപാടനുസരിച്ച് പ്രവേശം നടത്തിയതും നേട്ടമെന്ന് മന്ത്രി ശൈലജ ആവര്‍ത്തിച്ചു. ഫീസിന് പുറമെ മടക്കിനല്‍കുന്ന നിക്ഷേപവും ബാങ്ക് ഗാരന്‍റിയുമൊക്കെ കഴിഞ്ഞ കരാറിലും ഉണ്ടായിരുന്നവയാണ്.

ബാങ്ക് ഗാരന്‍റിയെന്നത് സുപ്രീംകോടതി വിധിയിലും ഉണ്ട്. അതില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനാവില്ല. തലവരിപ്പണം വാങ്ങുന്നില്ല എന്നൊന്നും പറയുന്നില്ല. അതുസംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ അന്വേഷിച്ച് ശക്തമായ നടപടിയെടുക്കും. കരാര്‍ ഒപ്പിടാതെ പ്രവേശം നടത്തുന്ന മൂന്നു കോളജുകളുടെ നടപടി പരിശോധിച്ചുവരുകയാണ്. യു.ഡി.എഫ് കാലത്ത് ആറു കോളജുകള്‍ 600 കോടിയുണ്ടാക്കിയപ്പോള്‍ ജയിംസ് കമ്മിറ്റി ഒന്നും ചെയ്തില്ല. അതിന്‍െറ വിഹിതം ആര്‍ക്ക് കിട്ടി. അലോട്ട്മെന്‍റ് പൂര്‍ത്തിയായിരിക്കെ സമരം നടത്തുന്നത് ആര്‍ക്കുവേണ്ടിയാണ് -അവര്‍ ചോദിച്ചു.
തലവരി വാങ്ങുന്നെന്ന പ്രതിപക്ഷ ആരോപണം മന്ത്രി അംഗീകരിച്ചത് ചൂണ്ടിക്കാട്ടിയ വി.ടി. ബല്‍റാം, 30 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അതിന്‍െറ വിഹിതം ആര്‍ക്കൊക്കെ കിട്ടിയെന്ന് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഭീകരക്യാമ്പുകള്‍ ആക്രമിക്കുംമുമ്പ് നരേന്ദ്ര മോദി കാണിച്ച ജനാധിപത്യത്തിന്‍െറ പത്തിലൊന്നുപോലും കാണിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. സ്വേച്ഛാധിപതിയെപ്പോലെയാണ് അദ്ദേഹത്തിന്‍െറ പെരുമാറ്റം. സമരംചെയ്യുന്ന എം.എല്‍.എമാരെ അച്യുതാനന്ദന്‍ പോലും സന്ദര്‍ശിച്ചു. എന്നിട്ടും മുഖ്യമന്ത്രി തയാറായിട്ടില്ല. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു.

സ്വാശ്രയസമരത്തോട് സര്‍ക്കാറിന് നിഷേധാത്മക നിലപാടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ച് മുദ്രാവാക്യം വിളിച്ചു.
അതിനിടെ, സര്‍ക്കാര്‍ നിലപാടില്‍ വൈരുധ്യം ആരോപിച്ച് മാണിയും കൂട്ടരും ഇറങ്ങിപ്പോയി. പ്രതിഷേധം വകക്കൊതെ സ്പീക്കര്‍ പതിവിന് വിരുദ്ധമായി അടുത്ത നടപടിയിലേക്ക് കടന്നതില്‍ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് സ്പീക്കറുടെ ഡയസിലേക്ക് കയറി. വി.പി. സജീന്ദ്രനും എ.പി. അനില്‍കുമാറും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡയസിന് മുകളിലത്തെിയ അദ്ദേഹം മുദ്രാവാക്യം മുഴക്കി. കെ.സി. ജോസഫ് ബലംപ്രയോഗിച്ച് അദ്ദേഹത്തെ താഴെയിറക്കി.