പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ പുതിയ ദൗത്യമന്ത്രവുമായി ഇന്ത്യന്‍ സൈന്യം.

09:50 am 13/10/2016
images (2)
നൗഷേര: പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ പുതിയ ദൗത്യമന്ത്രവുമായി ഇന്ത്യന്‍ സൈന്യം. ‘ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി’ (ശത്രു വേട്ടമൃഗം, നമ്മള്‍ വേട്ടക്കാര്‍) എന്ന പുതിയ മന്ത്രം എഴുതിയ ബോര്‍ഡുകള്‍ നിയന്ത്രണരേഖയിലും സൈനികര്‍ നിരന്തരം പട്രോളിങ് നടത്തുന്ന റൂട്ടിലെ പൈന്‍ മരങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഉറി ഭീകരാക്രമണത്തിന് മറുപടിയായി സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുമ്പോള്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കുകയാണ് ലക്ഷ്യമെന്ന് സൈന്യം പറയുന്നു.

മിന്നലാക്രമണത്തില്‍ അപമാനിതരായ പാക് സൈന്യം ഏതു വിധേനയും തിരിച്ചടിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ലക്ഷ്മണ രേഖ കടക്കുന്ന ഭീകരന്‍െറ ഗതി വേട്ടക്കാരനുമുന്നില്‍ എത്തിപ്പെട്ട വേട്ടമൃഗത്തിന്‍േതാവുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് സൈനികരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കൃത്യമായി ആക്രമണം നടത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയ സൈനികരെ നിയന്ത്രണരേഖയില്‍ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സൂക്ഷ്മചലനങ്ങള്‍ വരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒപ്പിയെടുക്കുന്നു. മിന്നലാക്രമണത്തിനുശേഷം, 26 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച്-രജൗരി സെക്ടറിലാണ് സൈനിക ദൗത്യം വലിയ വെല്ലുവിളിയായിരിക്കുന്നത്. കനത്ത ജാഗ്രതയാണ് സൈന്യം ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.