പാകിസ്താന്‍ പുറത്ത്

6:59pm 25/3/2016
images

മൊഹാലി: ട്വന്റി20 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ആസ്‌ട്രേലിയയോടാണ് 21 റണ്‍സിന് പാക് പട തോറ്റമ്പിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 193 റണ്‍സെന്ന മികച്ച സ്‌കോര്‍ കരസ്ഥമാക്കി. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന് നിശ്ചിത ഓവറില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ടൂര്‍ണമെന്റില്‍ സെമിയില്‍ എന്തെങ്കിലും സാധ്യത ലഭിക്കണമെങ്കില്‍ പാകിസ്താന് ഇന്ന് ജയം അനിവാര്യമായിരുന്നു. ജയത്തോടെ ഗ്രൂപ്പിലെ നെറ്റ് റണ്‍ റേറ്റ് ഭീതിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓസീസിനായി. ആസ്‌ട്രേലിയക്ക് ഈ ജയം ഇന്ത്യയുമായുള്ള മത്സരം കഴിയുന്നതുവരെ കാത്തിരിക്കാന്‍ പ്രചോദനമായി.

ഖാലിദ് ലത്തീഫ് (46), ഉമര്‍ അക്മല്‍ (32), സര്‍ജീല്‍ ഖാന്‍ (30), ശുഅയ്ബ് മാലിക്(40) എന്നിവര്‍ ഓസീസ് സ്‌കോര്‍ പിന്തുടരാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ക്യാപ്റ്റന്‍ അഫ്രീദി ഏഴ് പന്തില്‍ 14 റണ്‍സെടുത്തു. ജെയിംസ് ഫോക്‌നര്‍ അഞ്ച് പാക് വിക്കറ്റുകള്‍ കൊയ്തു. നേരത്തേ സ്റ്റീവന്‍ സ്മിത്തിന്റെ (61) അര്‍ധ സെഞ്ച്വറി മികവിലാണ് ഓസീസ് മികച്ച സ്‌കോറുയര്‍ത്തിയത്. ഉസ്മാന്‍ ഖ്വാജ(21), ഗ്ലെന്‍ മാക്‌സ് വെല്‍ (30), ഷെയ്ന്‍ വാട്ട്‌സണ്‍ എന്നിവരും കംഗാരു നിരയില്‍ തിളങ്ങി. മിച്ചല്‍ മാര്‍ഷിന് പകരം ആരോണ്‍ ഫിഞ്ചിനെയും ജോണ്‍ ഹേസ്റ്റിങ്‌സിന് പകരം ജോഷ് ഹെയ്‌സല്‍ വുഡിനെയും ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.