പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ

10.39 PM 27/10/2016
isi_2710
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിര്‍ണായക പ്രതിരോധ രഹസ്യ രേഖകള്‍ കൈവശംവച്ചതിന് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് മഹമ്മൂദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടത്.

ഇയാള്‍ക്കു രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത രാജ്‌സ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍ ഖാന്‍, സുഭാഷ് ജഹാംഗീര്‍ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നത്. ബിഎസ്എഫിന്റെ സേനാ വിന്യാസം ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളു ഇവരില്‍നിന്നു പിടികൂടി.

അറസ്റ്റ് ചെയ്‌തെങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ മഹമ്മൂദ് അക്തറിനെ വിട്ടയക്കുകയായിരുന്നു. ഡല്‍ഹി പോലീസ് തിരക്കിയെത്തിയപ്പോള്‍ താന്‍ ഇന്ത്യക്കാരനാണെന്നു പറഞ്ഞ മഹമ്മൂദ് വ്യാജ ആധാര്‍ കാര്‍ഡും കാണിച്ചിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യുമെന്ന ഘടമെത്തിയപ്പോഴാണ് നയതന്ത്ര പരിരക്ഷയുള്ള കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. ഇന്റലിജന്റ്‌സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചാരസംഘത്തിന്റെ മുഖ്യ കണ്ണിയായിരുന്നു മഹമ്മൂദ് അക്തറെന്നു ഡല്‍ഹി പോലീസ് ക്രൈം വിഭാഗത്തിലെ ജോയിന്റ് കമ്മീഷണര്‍ രവീന്ദര്‍ യാദവ് പറഞ്ഞു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ബലൂച് റെജിമെന്റിലെ സൈനികനായിരുന്നു മഹമ്മൂദ്. പിന്നീട് ഐഎസ്‌ഐയുടെ വലയത്തിലായി. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹൈമ്മീഷന്റെ വിസ വകുപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു.