പാട്ടുമത്സരത്തില്‍ താരമായത് കലക്ടര്‍; മുത്തേ പൊന്നിന്റെ രണ്ടാം ഘട്ടത്തിനു സമാപനം

08:43am 25/4/2016

_MG_4262(1)
കൊച്ചി: നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ…കുട്ടിക്കൂട്ടത്തിനു മുന്നില്‍ ജില്ല കളക്ടര്‍ എം.ജി രാജമാണിക്യം ഗായകനായി. ആവേശത്തോടെ കുട്ടികളും അതേറ്റുപാടി. നിലയ്ക്കാത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കീബോര്‍ഡും ഗിറ്റാറും അദ്ദേഹം കുട്ടികള്‍ക്കായി വായിച്ചു. കലക്ടര്‍ തുടക്കമിട്ടതോടെ പാട്ടുമത്സരത്തിന് കളമൊരുങ്ങി. വിവിധ ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. കലക്ടറും കുട്ടികളോടൊപ്പം ഇരിപ്പുറപ്പിച്ചു. കീബോര്‍ഡില്‍ വായിക്കുന്ന പാട്ട് ഏതെന്ന് മനസിലാക്കി ടീമുകള്‍ പാടണം. വാശിയേറിയ പാട്ടുമത്സരത്തില്‍ എല്ലാ ടീമുകളെയും സഹായിക്കുന്ന ടീമംഗമായി കളക്ടറും. പാട്ടുമത്സരം അവസാനിച്ച് കുട്ടികളുടെ ചെണ്ടമേളത്തോടെ മുത്തേ പൊന്നേ ക്യാപിനു കൊട്ടിക്കലാശവുമായി.
നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനത്തിന് അവസരമൊരുക്കുന്ന ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ‘മുത്തേ.. പൊന്നേ..’ ക്യാമ്പിന്റെ രണ്ടാം ഘട്ടത്തിന്റെ സമാപന ചടങ്ങിലാണ് ആരവങ്ങളും ആവേശവും നിറഞ്ഞത്. മൂന്നു ദിവസമായി തമ്മനം ശാന്തിപുരം കോളനിയിലെ എസ്ഡി കോണ്‍വെന്റിലായിരുന്നു ക്യാംപ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളെ മികച്ച പരിശീലനം നല്‍കി പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.
കലാ കായിക പരിശീലനം, വ്യക്തിത്വ വികസനം, കൗണ്‍സിംലിംഗ് എന്നിവ കുട്ടികള്‍ക്ക് നല്‍കും. ക്ലാസുകളും പരിപാടികളുമായാണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാംപില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് വിവിധ രംഗങ്ങളില്‍ തുടര്‍ പരിശീലനത്തിനും അവസരം നല്‍കും. അവസാന ദിവസം ഉച്ച മുതല്‍ തന്നെ കളക്ടറും ഭാര്യയും വിജിലന്‍സ് എസ്പിയുമായ നിശാന്തിനിയും ക്യാംപിലുണ്ടായിരുന്നു. കുട്ടികളുമായി സംസാരിച്ച കലക്ടര്‍ അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. വായനശാലയിലേക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കണമെന്നും പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അവസരം നല്‍കണമെന്നും കുട്ടികള്‍ പറഞ്ഞു. കൂടാതെ കളി ഉപകരണങ്ങളും നെറ്റും കുട്ടികള്‍ ആവശ്യപ്പെട്ടു. ഇവയെല്ലാം തന്നെ കുട്ടികള്‍ക്ക് എത്രയും വേഗം ലഭ്യമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കൂടാതെ കുട്ടികളുടെ നേതൃത്വത്തില്‍ ബാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ക്യാംപിലെത്തിയ ചലച്ചിത്ര താരം ജയസൂര്യ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചിരുന്നു. കുട്ടികളുടെ ലൈബ്രറിക്ക്് പുസ്തകങ്ങള്‍ നല്‍കാമെന്നും ജയസൂര്യ പറഞ്ഞിരുന്നു. മൂന്നു ദിവസത്തെ ക്യാംപില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. പ്രിയ രാജിന്റെ ഐസ്‌ബ്രേക്കിംഗ് സെഷനോടെയാണ് ക്യാംപ് തുടങ്ങിയത്. തുടര്‍ന്ന് അരുണിന്റെ തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പ്, ചൈല്‍ഡ് ലൈന്റെ ക്ലാസ്, കുട്ടികള്‍ക്ക് നേരേയുള്ള പീഡനത്തെക്കുറിച്ച് സി.ഐ അനന്തലാലിന്റെ ക്ലാസ്, ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയുടെ ഇന്ററാക്ടീവ് സെഷന്‍, കലക്ടറുടെ മോട്ടിവേണല്‍ ക്ലാസ്, മെഹെക്കിന്റെ ഡോ. ചിത്ര നയിച്ച കൗണ്‍സലിംഗ്, ഡി ഫോര്‍ ഡാന്‍സ് ഫെയിം നിയാസ് മാസ്റ്ററുടെ നൃത്ത പരിശീലനം എന്നിവയും ക്യാംപില്‍ നടന്നു. കൂടാതെ മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രാജലക്ഷ്മി ടീച്ചറും വിജിലന്‍സ് എസ്.പി നിശാന്തിനിയും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ക്ലാസുകളെടുത്തു. ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളിലെ കുട്ടികളുടെ ബോധി ബാന്‍ഡിന്റെ മ്യൂസിക് ഷോയും നടന്നു. ബിമല്‍ വാസ്, ബിന്ദു സത്യജിത്ത്, ജിത്തു തരൂര്‍, നൗഷാദ്, ഇന്ദു, രാകേഷ്, ലത ഭട്ട്, ഡോ. പ്രവീണ്‍, അനൂപ് ചന്ദ്രന്‍, മിഷേല്‍ തുടങ്ങിയവര്‍ ക്യാംപില്‍ പങ്കെടുത്തു.