പാരാഗ്ളൈഡിനിങ്ങിനിടെ അപകടം: ബിസിനസുകാരൻ മരിച്ചു

02:45pm 08/08/2016
12003403_674060742730984_9053749099706682924_n
കോയമ്പത്തൂർ: 53 വയസുകാരനായ ബിസിനസുകാരൻ പാരാഗ്ളൈഡിനിങ്ങിനിടെ മരിച്ച സംഭവത്തിന്‍റെ വിഡിയോ വൈറലാകുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് സംഘടിപ്പിച്ച ഫെസ്റ്റിനിടെ മല്ലേശ്വരറാവുവാണ് അപകടത്തിൽ പെട്ടത്. സുരക്ഷാ ബെൽറ്റ് ശരിയായി ധരിക്കാത്തതാണ് അപകടകാരണമെന്നാണ് സൂചന.

മൈതാനത്ത് നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് ഇദ്ദേഹം താഴേക്ക് പതിച്ചത്. സുരക്ഷാ സംവിധാനത്തിലെ പിഴവ് മനസ്സിലാക്കി താഴെയുള്ളവർ ഇദ്ദേഹത്തിന് നേരെ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിപാടിയുടെ ചുമതലയുണ്ടായിരുന്ന ഗ്ളൈഡറായ ബാബു സംഭവത്തിന് ശേഷം ഒളിവിലാണ്.

സാഹസിക വിനോദങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചയാളായിരുന്നു മല്ലേശ്വര റാവു. 60 മീറ്റർ ഉയരത്ത് നിന്നുമാണ് ഇദ്ദേഹം താഴേക്ക് പതിച്ചത്. പരിപാടി കാണാനെത്തിയ ഒരാളാണ് മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സുരക്ഷാ ബെൽറ്റ് പാരാഗ്ളൈഡറുമായി ബന്ധിപ്പിക്കാൻ വിട്ടുപോയരുന്നോയെന്നും ഗ്ളൈഡിങ്ങിനിടെ ബെൽറ്റ് അഴിഞ്ഞുപോയതാണോ എന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പരിപാടിയുടെ സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്നും പൊലിസ് വ്യക്തമാക്കി.

കോയമ്പത്തൂർ മെഡിക്കൽ കോളജ് സംഘടിപ്പിച്ച പാരാഗ്ളൈഡിങ് ഫെസ്റ്റിൽ 500 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. സംഭവസ്ഥലത്ത് ഒരു ആംബുലൻസ് പോലും അധികൃതർ ഏർപ്പാടാക്കിയിരുന്നില്ല.