പാരാലിമ്പിക്സിന് മാറക്കാന സ്റ്റേഡിയത്തില്‍ തുടക്കം

10:41 AM 09/09/2016
unnamed (1)
റിയോ: ഒളിമ്പിക്സ് പോരാട്ടങ്ങള്‍ക്ക് ശേഷം, വൈകല്യങ്ങളെ കരുത്തായി ആവാഹിക്കുന്ന പാരാലിമ്പിക്സിന് മാറക്കാന സ്റ്റേഡിയത്തില്‍ തുടക്കം. ആരോണ്‍ വീല്‍സ് എന്ന അമേരിക്കന്‍ അത്ലറ്റ് വീല്‍ചെയറില്‍ നടത്തിയ അഭ്യാസത്തോടെയാണ് ഉദ്ഘാടനചടങ്ങില്‍ പ്രകടനങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് സാംബ സംഗീതവും നൃത്തവുമടക്കമുള്ള കലാപരിപാടികളും നടന്നു. മാറക്കാനയിലെ പുല്‍മൈതാനം കടലും തീരവുമായി കുറച്ചുനേരം രൂപം മാറി. റിയോ ബീച്ചിനെ പുനരവതരിപ്പിച്ച ഈ കലാപ്രകടനത്തിന് ഏറെ കൈയടി കിട്ടി. 159 രാഷ്ട്രങ്ങളുടെ പരേഡും നടന്നു. ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജഹാരിയയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. വലതുകൈക്ക് അംഗവൈകല്യമുള്ള കാര്‍ലോസ് മാര്‍ട്ടിന്‍ ബ്രസീലിന്‍െറ ദേശീയഗാനം പിയാനോയില്‍ വായിച്ചു.
ശക്തിയേറിയ വെളിച്ചത്തില്‍ കാണികളുടെ കാഴ്ച അല്‍പനേരം മങ്ങിപ്പിച്ചതും ചടങ്ങിലെ പ്രത്യേകതയായി. പാരാലിമ്പിക് താരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായിരുന്നു ഇത്.
ചടങ്ങിനത്തെിയ സംഘാടകസമിതി പ്രസിഡന്‍റ് കാര്‍ലോസ് നുസ്മാനും ബ്രസീല്‍ പ്രസിഡന്‍റ് ടെമറിനും കാണികളുടെ കൂവലാണ് സ്വീകരണമായി കിട്ടിയത്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് സര്‍ ഫിലിപ് കാര്‍വന്‍ താരങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പാരാലിമ്പിക് താരമായ ആമി പര്‍ഡിയും റോബോട്ടുമൊത്തുള്ള നൃത്തവും ഏറെ ശ്രദ്ധേയമായി. പാരാലിമ്പിക്സ് നീന്തലില്‍ ബ്രസീലിന് വേണ്ടി ആറ് സ്വര്‍ണമടക്കം 13 മെഡലുകള്‍ നേടിയ ക്ളോഡോല്‍ഡോ സില്‍വയാണ് ദീപം തെളിയിച്ചത്. മറ്റൊരു സാംബാ നൃത്തത്തോടെയാണ് ചടങ്ങിന് സമാപനമായത്.
വിലക്കുള്ളതിനാല്‍ റഷ്യ പാരാലിമ്പിക്സില്‍ പങ്കെടുക്കുന്നില്ല. റഷ്യയെ വിലക്കിയതില്‍ പ്രതിഷേധിച്ച് ബെലറൂസില്‍ നിന്നുള്ള താരങ്ങള്‍ റഷ്യന്‍ പതാകയുമായാണ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തത്. ഈ മാസം 18നാണ് മത്സരങ്ങള്‍ അവസാനിക്കുന്നത്.