പാര്‍ലമെന്‍റ് സമ്മേളനം 18ന്

11:37 AM 30/06/2016
download
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 12 വരെ നടക്കും. ചരക്കു സേവന നികുതി സമ്പ്രദായം (ജി.എസ്.ടി) നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ കേന്ദ്രീകരിച്ചാണ് ഇക്കുറി സര്‍ക്കാറിന്‍െറ ചുവടുവെപ്പ്. എന്നാല്‍, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, എന്‍.എസ്.ജി അംഗത്വം നേടാന്‍ കഴിയാത്തത് തുടങ്ങിയവ ചൂണ്ടിക്കാട്ടി സര്‍ക്കാറിനെ നേരിടാനൊരുങ്ങുകയാണ് പ്രതിപക്ഷം.
ജി.എസ്.ടിയെ എതിര്‍ത്തിരുന്ന ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിലപാട് മാറ്റിയതോടെയാണ് അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നികുതിസമ്പ്രദായം നടപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയേറിയത്. രാജ്യസഭയില്‍ ന്യൂനപക്ഷമാണെന്ന പ്രതിസന്ധി മറികടക്കാന്‍ പ്രതിപക്ഷനിരയിലെ വിള്ളല്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഭരണമാറ്റത്തോടെ, കേരളത്തിന്‍െറ നിലപാടും ജി.എസ്.ടി വിഷയത്തില്‍ ശ്രദ്ധേയമായി. പാര്‍ലമെന്‍റില്‍ ബില്ലിലെ ചില വ്യവസ്ഥകളോട് സി.പി.എം എതിര്‍പ്പ് പറഞ്ഞിട്ടുണ്ടെന്നും അതേസമയം ജി.എസ്.ടി നടപ്പാകുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് ബില്ലിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നെന്നും പിന്നീട് കാലുമാറിയിരിക്കുകയാണെന്നും സമിതി ചെയര്‍മാന്‍കൂടിയായ പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര സംസ്ഥാന നിയമസഭയില്‍ പറഞ്ഞു.

ജി.എസ്.ടിയില്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും കഴിഞ്ഞില്ളെങ്കില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് നടത്തുമെന്നും പാര്‍ലമെന്‍റ് സമ്മേളന തീയതി തീരുമാനിച്ച പാര്‍ലമെന്‍ററികാര്യ മന്ത്രിസഭാ സമിതി യോഗത്തിനുശേഷം മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ലോക്പാല്‍ നിയമഭേദഗതി ബില്‍, ബദല്‍ വനവത്കരണ നിധി ബില്‍, സംയുക്ത പ്രവേശപരീക്ഷാ ബില്‍, ശത്രുസ്വത്ത് ബില്‍, ബിനാമി ഇടപാട് നിരോധ നിയമഭേദഗതി ബില്‍ തുടങ്ങിയവയും വര്‍ഷകാല സമ്മേളനത്തിന്‍െറ പരിഗണനക്ക് വെക്കുന്നുണ്ട്. ലോക്സഭയില്‍ 11ഉം രാജ്യസഭയില്‍ 45ഉം ബില്ലുകള്‍ പാസാക്കാന്‍ ബാക്കിയുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.