പാലക്കാട്ട് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍

08:40am 26/04/2016
download (1)
പാലക്കാട്: പട്ടാപ്പകല്‍ നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് കൈക്കുഞ്ഞുമായത്തെി 56 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ നാല് സ്ത്രീകളും 16 വയസ്സുള്ള ഒരാണ്‍കുട്ടിയുമടങ്ങുന്ന സംഘം പൊലീസ് പിടിയിലായതായി സൂചന.
മഹാരാഷ്ട്രയിലെ പുണെയില്‍വെച്ചാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ താവളം തിരിച്ചറിയുകയായിരുന്നു. നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലത്തെിയ സംഘം അവിടുത്തെ ഫോണ്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടത്തെിയിരുന്നു. ഏപ്രില്‍ 20നാണ് ജി.ബി റോഡിലെ തുളസി ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനയത്തെി ജ്വല്ലറിയില്‍നിന്ന് 55 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന് പ്രത്യേകം വാഹനത്തില്‍ കയറി അതിര്‍ത്തി കടന്നത്.
രാവിലെ ജ്വല്ലറി തുറന്ന് ആഭരണങ്ങള്‍ നിരത്തിവെച്ച സമയത്താണ് സ്വര്‍ണം വാങ്ങാനെന്ന പേരിലത്തെി കട ഉടമയുടെ മകനടക്കം രണ്ടുപേരുടെ ശ്രദ്ധ മാറ്റി ആഭരണങ്ങള്‍ സൂക്ഷിച്ച പെട്ടിയുമായി രക്ഷപ്പെട്ടത്. ജ്വല്ലറിയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഡിവൈ.എസ്.പിമാരായ എം.കെ. സുല്‍ഫിക്കര്‍, എം.എല്‍. സുനില്‍, ടൗണ്‍ നോര്‍ത് സി.ഐ. കെ.ആര്‍. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.