പാക് വിദേശകാര്യ സെക്രട്ടറി ഇന്ന് ഡല്‍ഹിയില്‍; ചര്‍ച്ചക്ക് സാധ്യത

08:44am 26/04/2016
download
ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരി ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തും. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഹാര്‍ട്ട് ഓഫ് ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് ചൗധരിയുടെ നേതൃത്വത്തിലുള്ള പാക് സംഘം ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ച രാവിലെയെത്തുന്ന പാക് സംഘം ഏതാനും മണിക്കൂര്‍ മാത്രമായിരിക്കും ഇവിടെ തങ്ങുക. ഇവര്‍ക്കൊപ്പം, അഫ്ഗാന്‍ വിദേശകാര്യ സഹമന്ത്രി ഹിക്മത്ത് ഖലീല്‍ കര്‍സായിയും സമ്മേളനത്തിനെത്തുന്നുണ്ട്.

മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ലെങ്കിലും അനൗദ്യോഗിക വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളിലേയും മന്ത്രാലയങ്ങള്‍ സൂചിപ്പിച്ചു. ചര്‍ച്ച നടന്നാല്‍, ജനുവരി രണ്ടിലെ പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം, ഇരു രാജ്യങ്ങളിലേയും ഉന്നത നയതന്ത്ര പ്രതിനിധികള്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്.

ഭീകരാക്രമണത്തിനുശേഷം, ഇന്ത്യപാക് ചര്‍ച്ച അനിശ്ചിതത്വത്തിലായിരുന്നു. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ സുരക്ഷ, സാമ്പത്തിക സഹകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി 2011ലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ കൂട്ടായ്മക്ക് തുടക്കമായത്. കഴിഞ്ഞവര്‍ഷം ഈ സമ്മേളനം നടന്നത് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലായിരുന്നു.