പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ്

07:49 am 20/6/2017

– ടോണി ഡി ചെവ്വൂക്കാരന്‍


കോട്ടയം: പ്രശസ്ത സംഗീതജ്ഞന്‍ പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ് ജൂലൈ 28 – ആഗസ്റ്റ് 15 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്നു. യുഎഇയില്‍ നിന്നുള്ള എട്ടംഗ ടീമിനോടൊപ്പം കേരളത്തിലെ കലാകാരന്മാരും ചേര്‍ന്ന് അവരതിപ്പിക്കുന്ന ഈ സംഗീതപരിപാടിയില്‍ പാസ്റ്റര്‍ ഭക്തവത്സലനോടൊപ്പം മറ്റു പ്രശസ്തഗായകരും ഗാനങ്ങള്‍ ആലപിക്കും.
സംഗീതത്തിന്‍റെ സമസ്തമേഖലകളിലും 46 വര്‍ഷമായി തനതു വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റര്‍ ഭക്തവത്സലന്‍ രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ഗാനങ്ങളാണു മ്യൂസിക്‌ഫെസ്റ്റില്‍ ആലപിക്കുന്നത്. ‘പരിശുദ്ധന്‍ മഹോന്നതദേവന്‍’, ‘പാടുവാന്‍ എനിക്കില്ലിനി ശബ്ദം’, ‘ആരാധ്യനെ’, ‘മായയാമീലോകം’, ‘കനിവേറും യേശുനാഥാ’, ‘ഉയര്‍ന്നിതാ വാനില്‍’ എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സില്‍ ആത്മചൈതന്യത്തിന്‍റെ അലകള്‍ ഉയര്‍ത്തിയ 250ല്‍ പരം ഗാനങ്ങള്‍ അദ്ദേഹം രചിച്ച് ഈണം പകര്‍ന്നിട്ടുണ്ട്. ഇവയില്‍ മിക്കവയും പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളില്‍ നിന്നും ജന്മംകൊണ്ടവയാണ്.

ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്‍റെ ദേശീയ സംഗീതവിഭാഗമായ ഹാര്‍ട്ട്ബീറ്റ്‌സിന്‍റെ ഡയറക്ടറായി ദീര്‍ഘവര്‍ഷം പ്രവര്‍ത്തിച്ച പാസ്റ്റര്‍ ഭക്തവത്സലന്‍, ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ള ബേര്‍ശേബാ മിനിസ്ട്രീസ് ഇന്ത്യയുടെ ഡയറക്ടറാണ്. കേരളത്തില്‍ സംഗീതപരിപാടികള്‍ നടത്താനും പ്രോഗ്രാമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും താല്‍പര്യമുള്ളവര്‍ 07829344049, 9447350038 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. –