മാധ്യമ സ്ഥാപനങ്ങള്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി

07:55 am 20/6/2017

ന്യൂഡല്‍ഹി: പത്രസ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കാന്‍ നിയോഗിച്ച മജീദിയ വേജ് ബോര്‍ഡ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ മാധ്യമ സ്ഥാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പണത്തിന്റെ ദൗര്‍ലഭ്യത്തിന്റെ പേരില്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ പാടില്ല. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്‌പോള്‍ സ്ഥിരംകരാര്‍ ജീവനക്കാര്‍ എന്ന വേര്‍തിരിവ് കാണിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (ഐഎഫ്ഡബ്ലുജെ) ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന നേരത്തെയുള്ള കോടതി വിധി പാലിക്കാത്ത മാധ്യമയുടമകളുടെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ തങ്ങളുടെ സാന്പത്തിക ശേഷിയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ഉത്തരവ് പാലിക്കാന്‍ നിര്‍ബന്ധിതരായാല്‍ പല മാധ്യമസ്ഥാപനങ്ങളുടെയും സാന്പത്തികനില മോശമാകുമെന്നും ഉടമകള്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളിക്കളഞ്ഞു.
2007ല്‍ യുപിഎ സര്‍ക്കാരാണ് മാധ്യമസ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കുന്നതിന് വേജ് ബോര്‍ഡിനെ നിയോഗിച്ചത്. നാല് വര്‍ഷത്തിന് ശേഷം സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് 2011 നവംബര്‍ 11ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമസ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് 2014 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.